ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാന്‍ 35 കോടിയോളം രൂപ ധനസഹായം നല്‍കുന്നതായി പ്രഖ്യാപിച്ച ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് കൈയടിച്ച് ജോജു ജോര്‍ജ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചുവെന്നും ജോജു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനുശേഷമാണ് യു.എന്‍. അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക 36 മില്യണ്‍ ഡോളറും. വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യന്‍ തന്നെ.' ജോജു കുറിച്ചു.
അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് സഹായഹസ്തവുമായി ഡികാപ്രിയോ രംഗത്തുവന്നത്. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടന്‍ തുക സമാഹരിച്ചിരിക്കുന്നത്. ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ആമസോണില്‍ തീയണയ്ക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കും തുക കൈമാറും.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങള്‍ക്കു വേണ്ടി ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തര സഹായം ആവശ്യമായ സമയമാണെന്നും നടന്‍ കുറിച്ചിരുന്നു. എര്‍ത്ത് അലയന്‍സ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു.
Content Highlights : Joju George praises hollywood actor Leornado Decaprio on his 35 crore rupees donation for amazon forests