ദേശീയ പുരസ്‌കാരജേതാവ് ജോജു ജോര്‍ജ് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ ധനുഷ് ആണ് നായകൻ. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് സുരുളി എന്നാണ് ചിത്രത്തിന്റെ പേര്.

ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലണ്ടനിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ജോജു ഇപ്പോള്‍. 

ജോജു ജോര്‍ജ് ഇപ്പോഴും ജോസഫിന്റെ ഹാങ്ങോവറിലാണെന്നും അതാണ് മുടി മുറിക്കാതെ നടക്കുന്നതെന്നും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. എന്നാല്‍ താന്‍ മുടി നീട്ടി വളര്‍ത്തുന്നത് പുതിയ ധനുഷ് ചിത്രത്തിനാണെന്ന് താരം അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെന്നാണ് പൊതുവെ കാര്‍ത്തിക്കിന് തമിഴ്‌നാട്ടിലെ പേര്. പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.

Content Highlights : Joju George joins Dhanush-Karthik Subbaraj combo tamil movie