
Joju george
സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നീക്കം ചെയ്ത് നടന് ജോജു ജോര്‍ജ്. ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്തതിനുശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ജോജുവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ജോജുവിനെതിരേ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പരസ്യമായും രംഗത്തുവന്നിരുന്നു.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. നടന് സ്വമേധയാ ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കൊച്ചിയിലെ റോഡ് ഉപരോധത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വൈറ്റില ദേശീയ പാതയിലായിരുന്നു സമരം. മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വന്നപ്പോള്‍ ജോജു സംഘാടകരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രവര്‍ത്തകര്‍ കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്.
ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മുന്‍ മേയര്‍ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
Content Highlights: Joju George actor deactivates social media accounts, Instagram,facebook, congress workers strike, Petrol Price hike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..