ദിലീഷ് പോത്തന്റെ ജോജി സിനിമയിലെ കുട്ടപ്പന്‍ പി.കെ. പനച്ചല്‍ എന്ന പരുക്കനായ അച്ഛന്‍ കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഈ നടനെ നേരത്തേ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരോട്. ഏതാണ്ട് 25 വര്‍ഷം മുന്‍പേ സഞ്ചരിക്കണം. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തില്‍ ആടു തോമയെ തളയ്ക്കാന്‍ പൂക്കോയ ഇറക്കുമതി ചെയ്ത വാടകഗുണ്ട തൊരപ്പന്‍ ബാസ്റ്റിനെ ഓര്‍മയില്ലേ. ആ തൊരപ്പന്‍ ബാസ്റ്റിനാണ് ഇന്ന് കുട്ടപ്പനായി കയ്യടി നേടുന്നത്.

വാകത്താനം സ്വദേശിയാണ് പി.എന്‍. സണ്ണി. ഇയ്യോബിന്റെ പുസ്തകത്തില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനുമായുള്ള പരിചയമാണ് പി.എന്‍. സണ്ണിയെ ജോജിയില്‍ എത്തിച്ചത്. മിസ്റ്റര്‍ കേരള മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു സണ്ണി. കോട്ടയം പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന കാലത്താണ് ഭദ്രന്‍ സ്ഫടികത്തിലേക്ക് വിളിക്കുന്നത്. 

വില്യം ഷേക്‌സ്പിയറുടെ മാക്ബത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടെടുത്ത ചിത്രമാണ് ജോജി. ഇവിടെ കഥാപശ്ചാത്തലം എരുമേലിയിലെ സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബത്തിലേക്കാണ് പറിച്ചുനട്ടിരിക്കുന്നത്. ഏകാധിപതിയെ പോലെ കുടുംബം ഭരിക്കുന്ന, അതികായനായ, പനച്ചേല്‍ കുട്ടപ്പനും അയാളുടെ മൂന്ന് ആണ്മക്കളായ ജോമോന്‍, ജെയ്‌സണ്‍, ജോജി, മരുമകള്‍ ബിന്‍സി, കൊച്ചുമകന്‍ പോപ്പി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 

Content highlights: Joji Movie, PN Sunny actor as Kuttappan P K Panachel, Spadikam Movie, Thorappan Bastin