കൊച്ചി: കൊച്ചിയിലെ വെസ്റ്റ്ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജി സംഘടിപ്പിച്ച കെ.ജി. ജോര്‍ജിന്റെ ചലച്ചിത്ര പ്രദര്‍ശനത്തില്‍ ജോണ്‍ പോളും കെ.ജി. ജോര്‍ജും കണ്ടുമുട്ടി. സാക്ഷിയായി മറ്റൊരു കൂട്ടുകാരനുമുണ്ടായിരുന്നു; മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ചലച്ചിത്രാനുഭവങ്ങള്‍ സമ്മാനിച്ച സംവിധായകന് മോഹന്‍.
കെ.ജി. ജോര്‍ജ് എന്ന കൂട്ടുകാരനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോണ്‍ പോള്‍ ആദ്യം പറഞ്ഞ മറുപടി 'സ്വപ്നാടനം' എന്ന സിനിമ റിലീസ് ചെയ്ത ദിവസം സംവിധായകന് രാമു കാര്യാട്ട് പറഞ്ഞ വാക്കുകളായിരുന്നു. ''ഇന്ന് നിങ്ങള്‍ ഈ ചെറുപ്പക്കാരനെ അറിയുന്നത് രാമു കാര്യാട്ടിന്റെ സഹ സംവിധായകന് എന്ന വിലാസത്തിലായിരിക്കും. പക്ഷേ പ്രവാചകന്റെ സ്വരത്തില്‍ ഞാന്‍ പറയുന്നു, നാളെ കെ.ജി. ജോര്‍ജ് എന്ന മഹാനായ സംവിധായകന്റെ പരിവേഷത്തില്‍ ഞാന്‍ അറിയപ്പെടുന്ന ഒരു കാലം വരും...'' - രാമു കാര്യാട്ടിന്റെ വാക്കുകളെക്കാള്‍ കെ.ജി. ജോര്‍ജിനെ അടയാളപ്പെടുത്താന്‍ മറ്റൊരു വാചകം തേടേണ്ടതുണ്ടോയെന്ന് ചോദിച്ച് ജോണ്‍ പോള്‍ ചിരിക്കുമ്പോള്‍ കൂട്ടുകാരന് ജോര്‍ജ് ആ കൈകളില്‍ മുറുകെപ്പിടിച്ചു.
ഓര്‍മയുടെ ചെറിയ താളംതെറ്റലും സംസാരിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടെങ്കിലും ജോര്‍ജിനെ എല്ലാ പരിപാടികള്‍ക്കും കൊണ്ടുവരാനാണ് ജോണ്‍ പോളിന് ഇപ്പോഴുമിഷ്ടം. പരിപാടികള്‍ക്ക് വന്ന് ആളുകളുമായി ഇടപഴകുമ്പോള്‍ ജോര്‍ജ് ഏറെ റീചാര്‍ജ് ചെയ്യപ്പെടുമെന്നാണ് ജോണ്‍ പോള്‍ പറയുന്നത്. ഊന്നുവടിയുടെ സഹായത്തോടെയാണ് ജോര്‍ജും ജോണ്‍ പോളും പരിപാടിക്കെത്തിയത്. 'സ്വപ്നാടനം' റിലീസ് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോള്‍ എന്തു തോന്നുന്നുവെന്ന് ചോദിച്ചപ്പോള്‍ ജോര്‍ജ് ചിരിച്ചു. പിന്നെ ചെറിയ ചെറിയ വാചകങ്ങളില്‍ പറഞ്ഞു: ''സ്വപ്നാടനം എനിക്ക് ഇന്നും വലിയൊരു അനുഭവമാണ്. ചെയ്ത സിനിമകളെല്ലാം ആത്മസംതൃപ്തി നല്കിയവയാണ്. സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ആരോടും ഒത്തുതീര്‍പ്പിന് പോയിട്ടില്ല. അതാകാം ആ സിനിമകള്‍ ഇന്നും നിങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നത്...'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..