ജോണി ഡെപ്, കാമില വാസ്കസ്| Photo: AFP, AP
മാനനഷ്ടക്കേസില്‍ ഹോളിവുഡ് താരങ്ങളായ ജോണി ഡെപിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകയായ കാമില വാസ്കസിന് വന്പ്രശംസ. സമൂഹമാധ്യമങ്ങളില്‍ കാമിലയെ വാഴ്ത്തുകയാണ് ഡെപിന്റെ ആരാധകര്‍. സിനിമയിലെ അല്ല ജീവിതത്തിലെ വണ്ടര്‍ വുമണ്‍ എന്നാണ് കാമിലയെ വിശേഷിപ്പിക്കുന്നത്. ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമവിധിയാണ് ഇപ്പോള്‍ പുറത്ത് വന്നത്.
വിചാരണയില്‍ ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് വിധി വന്നത്. മുന്‍ഭാര്യയും നടിയുമായ അംബര്‍ ഹേഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയാണ് വിധിച്ചത്. ഡെപിനെതിരെ അംബര്‍ ഹേഡ് നല്കിയ എതിര് മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് പിഴയൊടുക്കേണ്ടത്.
നമ്മള് വിജയിച്ചിരിക്കുന്നു എന്നായിരുന്നു വിധി കേട്ടപ്പോള്‍ കാമിലയുടെ ആദ്യ പ്രതികരണം.
''ഇന്നത്തെ വിധി ഞങ്ങള്‍ ഇത്രയും കാലം എന്താണ് പറഞ്ഞത് അതിനെ ശരിവയ്ക്കുന്നതായിരുന്നു, ജോണി ഡെപിനെതിരേയുള്ള ആരോപണങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചു. ആരോപണങ്ങള്‍ക്ക് തെളിവ് നല്കാന് അവര്‍ക്ക് സാധിച്ചില്ല. കെട്ടിച്ചമച്ചതെല്ലാം കോടതിയില്‍ പൊളിഞ്ഞു. ഈ വിധിയില്‍ വലിയ സന്തോഷമുണ്ട്''- കാമില പറഞ്ഞു.
അതേസമയം അംബര്‍ ഹേഡ് യഥാര്‍ഥ ഇരയാണെന്നും ഒരു കുറ്റവാളിയ്ക്ക് വേണ്ടി പോരാടിയതില്‍ കാമിലയ്ക്ക് അഭിമാനിക്കാമെന്നും ഹേഡിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അമേരിക്കയിലെ കുപ്രസിദ്ധ സീരിയല്‍ കൊലയാളിയായ ടെഡ് ബണ്ടിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയുമായി താരതമ്യം ചെയ്താണ് കാമിലയെ വിമര്‍ശിക്കുന്നത്. ഇന്നാണെങ്കില്‍ കാമിലയ്ക്ക് ടെഡ് ബണ്ടിയ്ക്ക് വേണ്ടി വാദിക്കാമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..