ജോണി ഡെപ്, അംബർ ഹേഡ്
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി വിചാരണ മുന്നോട്ട് പോകുമ്പോള്‍ ഡെപ്പും ഹേഡും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് വൈറലാകുന്നു.
തന്നെ ശാരീരികമായി ഉപദ്രവിക്കരുതെന്ന് ഡെപ് ഹേഡിനോട് അപേക്ഷിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ തനിക്ക് അതെക്കുറിച്ച് ഉറപ്പുനല്‍കാനാകില്ലെന്ന് ഹേഡ് മറുപടി പറയുന്നു.
ശാരീരികമായി ഉപദ്രവിച്ചാല്‍, നമുക്ക് പിരിയേണ്ടി വരും. ഒരു മണിക്കൂറോ, 10 മണിക്കൂറോ, ഒരു ദിവസമോ ആകട്ടെ, നമ്മള്‍ പരസ്പരം അകന്നിരിക്കണം. നമ്മള്‍ അങ്ങനെ ചെയ്തിരിക്കണം. ശാരീരികമായ ഒരു അക്രമവും പാടില്ല- ഡെപ്പ് പറയുന്നു.
അതിന് ഹേഡ് പറയുന്നതിങ്ങനെ, അതെനിക്ക് നിങ്ങള്‍ക്ക് വാക്കു നല്‍കാനാകില്ല. ചില സമയങ്ങളില്‍ എനിക്ക് ഭ്രാന്ത് വരും- ഹേഡ് പറയുന്നു.
ഡെപ്പിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഉന്നയിച്ചിരിക്കുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് തനിക്ക് നേരെ ഡെപ്പ് ലൈംഗിക അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ഹേഡ് ആരോപിക്കുന്നു. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹേഡ് മൊഴി നല്‍കിയത്.
ഡെപ്പ് എന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അവിഹിത ബന്ധം ആരോപിച്ചും മര്‍ദ്ദിച്ചിട്ടുണ്ട്. തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയിട്ടുണ്ട്. മുഖത്തും അടിവയറിലും ചവിട്ടിയിട്ടുണ്ട്- ഹേഡ് ആരോപിച്ചു.
ഡെപ്പിന്റെ വിചാരണയില്‍ അദ്ദേഹം അദ്ദേഹം ഒരിക്കല്‍ പോലും താന്‍ ഹേഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞു. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ് പറഞ്ഞു. ഹേഡിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഹേഡിനെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നും മര്‍ദ്ദനം ഏറ്റുവാങ്ങിയത് താനായിരുന്നുവെന്നും ഡെപ് ആരോപിച്ചു. അതിന് തെളിവായുള്ള ശബ്ദരേഖയും ഡെപ്പ് കോടതിയില്‍ സമര്‍പ്പിച്ചു. തന്നോടുള്ള വൈരാഗ്യത്തിന് കിടക്കയില്‍ ഹേഡ് മല വിസര്‍ജ്ജനം നടത്തിയെന്നും ഡെപ്പ് ആരോപിച്ചു.
2015 ലാണ് ഡെപ്പും ഹേര്‍ഡും വിവാഹിതരാകുന്നത്. വിവാഹജീവിതത്തിലുടനീളം താന്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയയായെന്നും ഹേര്‍ഡ് ആരോപിച്ചിരുന്നു. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പിന്റെ വാദം. തന്നെ പീഡനവീരനായി ചിത്രീകരിച്ചതില്‍ 'നന്ദി' പറയുന്നുവെന്നും ഡെപ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപ്പിനെ ഡിസ്നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഡെപ്പ് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.
Content Highlights: Johnny Depp pleads Amber Heard, not get physical, leaked audio tape, defamation case trial
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..