ലോകം ഏറ്റെടുത്ത കടല്‍ക്കൊള്ളക്കാരന്‍ ജാക് സ്പാരോ ആയി ജോണി ഡെപ്പ് ഇനി വേഷമിടില്ല. ഡിസ്‌നി സ്റ്റുഡിയോസിന്റെ മേധാവി സീന്‍ ബൈലിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. 

പൈരേറ്റ്‌സ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പ് പിന്‍മാറുന്നുവെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ ഡിസ്‌നിയും ജോണി ഡെപ്പും തയ്യാറായില്ല. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് സീന്‍ ബൈലി ഡെപ്പ് ഇനിയുണ്ടാകില്ലെന്ന് വെളിപ്പെടുത്തിയത്. ഡെപ്പിന് പകരം ജാക് സ്പാരോയായി ആര് വേഷമിടുമെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

കുടുംബപ്രശ്‌നങ്ങള്‍ക്കാരണമാണ് ജോണി ഡെപ്പ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോണി ഡെപ്പും നടി അംബര്‍ ഹെര്‍ഡും കഴിഞ്ഞ വര്‍ഷമാണ് വേര്‍പിരിഞ്ഞത്. ഡെപ്പിനെതിരെ, അംബര്‍ ഗാര്‍ഹിക പീഡനമടക്കമുള്ള പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കേസ് നടന്നുകൊണ്ടിരിക്കുകയാണ്. 

പതിനഞ്ച് വര്‍ഷങ്ങളായി ഡെപ്പ് പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. അഞ്ച് സിനിമകളില്‍ അദ്ദേഹം ജാക് സ്പാരോ എന്ന കിറുക്കന്‍ കടല്‍ക്കൊള്ളക്കാരനെ മനോഹരമായി അവതരിപ്പിച്ചു. ഡെപ്പിന് പകരം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Content Highlights: johnny depp dropped from pirates of the caribbean franchisee amber heard divorce case jack sparrow