മാധ്യമ സ്ഥാപനത്തിനെതിരേ നൽകിയ കേസിൽ കോടതി വിധി പ്രതികൂലമായതോടെ ന‌ടൻ ജോണി ‍ഡെപ്പ് ഫന്റാസ്റ്റിക് ബീസ്റ്റ്സിൽനിന്ന് പുറത്തായി. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ സൺ ടാബ്ലോയ്ഡിനെതിരേ ജോണി ഡെപ്പ് കേസ് നൽകിയിരുന്നു. നട‌ി അമ്പർ ഹേർഡുമായുള്ള വിവാഹമോചന വിവാദങ്ങളെ തുടർന്ന് ജോണി ഡെപ്പിനെ 'വൈഫ്‌ ബീറ്റർ' എന്ന് വിശേഷിപ്പിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണിത്. 

വിവാഹമോചന ഹർജി നൽകിയതിന് തൊട്ടുപിന്നാലെ ​ഗാർഹിക പീഡനമടക്കമുള്ള  ​ഗുരുതര ആരോപണങ്ങളാണ് അമ്പർ ഹേർഡ് ജോണി ഡെപ്പിനെതിരേ ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ 2018-ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 

തുടർന്ന് സൺ  ടാബ്ലോയ്ഡ് ‍എക്സിക്യൂ‌ട്ടീവ് ഡാൻ വൂട്ടണെതിരേ ജോണി ഡെപ്പ് യു.കെയിലെ കോടതിയിൽ മാനനഷ്ട‌ക്കേസ് നൽകി. ഇരുവരുടെയും വാദങ്ങൾ കേട്ടശേഷം ജോണി ഡെപ്പിനെതിരേയുള്ള ആരോപണങ്ങൾ തികച്ചും വാസ്തവമാണെന്ന് കോടതി വിധിക്കുകയായിരുന്നു. കേസിൽ മേൽക്കോ‌‌ടതിയിൽ അപ്പീൽ നൽകുമെന്നും തനിക്കൊപ്പംനിന്ന എല്ലാവർക്കും നന്ദി പറയുന്നുവെന്നും ജോൺ ഡെപ്പ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെ ജോണി ഡെപ്പിനോട് സിനിമയിൽനിന്ന് പിൻമാറാൻ നിർമാതാക്കളായ വാർണർ ബ്രദേഴ്സ്  ആവശ്യപ്പെടുകയും കരാർ റദ്ദാക്കുകയും ചെയ്തു. എന്നാൽ കരാർ പ്രകാരമുള്ള 67 കോടി രൂപ പ്രതിഫലം നൽകിയാണ് ജോണി ഡെപ്പിനെ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlights: Johnny Depp Amber Heard divorce controvery, actor out of Fantastic Beasts 3 after losing libel case