ളേഴ്‌സ് ടിവിയിലെ 'കുപ്രസിദ്ധ' പരിപാടി കോമഡി നൈറ്റ്സ് ബച്ചാവോയില്‍ നിന്ന് ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം ക്ഷുഭിതനായി ഇറങ്ങിപ്പോയി. തന്റെ പുതിയ ചിത്രമായ ഫോഴ്‌സ് 2 വിന്റെ പ്രചരണത്തിനായി പരിപാടിയില്‍ എത്തിയതായിരുന്നു ജോണ്‍.

പൂജാ ഭട്ട് സംവിധാനം ചെയ്ത് ജോണും ഉദിത ഗോസാമിയും പ്രധാന വേഷത്തിലെത്തിയ പാപ് എന്ന ചിത്രത്തെക്കുറിച്ചുള്ള അവതാരകന്‍ കൃഷ്ണ അഭിഷേകിന്റെ ചോദ്യമാണ് ജോണിനെ ചൊടിപ്പിച്ചത്. പാപ് തന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് ജോണ്‍ പറഞ്ഞപ്പോള്‍ അവതാരകന്‍ പരിഹസിച്ചതാണ് പ്രശ്നമായത്.

സൊനാക്ഷിയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ അവതാരകന്‍ ആവശ്യപ്പെട്ടതും ജോണിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാല്‍ ജോണ്‍ ഇറങ്ങിപ്പോയത് തന്നെ ഒരുപാട് വേദനിച്ചെന്നും താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നുമാണ് കൃഷ്ണ അഭിഷേക് പിന്നീട് പറഞ്ഞു.

ഞാൻ തമാശ മാത്രമാണ് ഉദ്ദേശിച്ചത്. ജോണ്‍ എബ്രഹാം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത് മുതല്‍ എന്റെ ഉറക്കം നഷ്ടപ്പെട്ടു. അദ്ദേഹത്തോട് മാപ്പ് പറയാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു- അവതാരകന്‍ പിന്നീട് വിശദീകരിച്ചു.

ഇതാദ്യമായല്ല കോമഡി നൈറ്റ്സ് ബച്ചാവോയില്‍ നിന്ന് അതിഥികള്‍ ഇറങ്ങിപ്പോകുന്നത്. കുറച്ചു കാലം മുന്‍പ് സിനിമാതാരം തനിഷ്ഠ ചാറ്റര്‍ജിയെ നിറത്തിന്റെ പേരില്‍ കോമഡി ഷോയില്‍ കളിയാക്കിയിരുന്നു.

പരിപാടിയിലെ വംശീയ പരാമര്‍ശങ്ങളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും മുൻപും വിവാദമായിട്ടുണ്ട്.