ബോളിവുഡിൽ ഇത് ബയോപിക്കുകളുടെ കാലമാണ്. അതിന് കുറച്ചുകൂടി ആക്കം കൂട്ടുകയാണ് ജോണ്‍ എബ്രഹാം നായകനാവുന്ന പുതിയ ചിത്രം. ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന ക്യാപ്റ്റന്‍ ഹവാ സിംഗിനെയാണ് ജോണ്‍ അവതരിപ്പിക്കാന്‍ പോവുന്നത്.

1956-ല്‍ പത്തൊമ്പതാം വയസ്സിലാണ് ഹവാ സിംഗ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. 1960-ല്‍ മൊഹബ്ബത്ത് സിംഗെന്ന ഡിഫന്‍ഡിംഗ് ചാമ്പ്യനെ മലര്‍ത്തിയടിച്ച ഹവാ സിംഗ് വെസ്റ്റേണ്‍ കമാന്‍ഡിനെ തന്റെ കാല്‍ക്കീഴിലാക്കി. 1961 മുതല്‍ 72 വരെയുള്ള 11 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം ബോക്‌സിംഗ് രംഗത്ത് അജയ്യനായി തുടര്‍ന്നു. 1966, 1970 ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ സിംഗ് നേടിയ സ്വര്‍ണ മെഡലുകള്‍ ഇന്ത്യന്‍ ബോക്‌സിങ്  ചരിത്രത്തില്‍ സുവര്‍ണലിപികളിലാണ് എഴുതിവച്ചിരിക്കുന്നത്.

ഒളിമ്പിക്സിൽ ഇതിഹാസതാരം മുഹമ്മദ് അലിയെ നേരിടണമെന്ന ഏറ്റവും വലിയ സ്വപ്നം പക്ഷേ ഹവായ്ക്ക് സാധിക്കാനായില്ല. 1999ല്‍ രാജ്യം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതേറ്റുവാങ്ങാന്‍ മരണം ഹവാ സിംഗിനെ അനുവദിച്ചില്ല. 2000 ആഗസ്ത് 14 ന് ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അങ്കൂരി ദേവിയാണ് പിന്നീട് ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഇന്ത്യയുടെ അഭിമാന ബോക്‌സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, അഖില്‍ കുമാര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവര്‍ ഹവാ സിംഗ് സ്ഥാപിച്ച ഭിവാനി ബോക്‌സിങ് ക്ലബിന്റെ സംഭാവനകളാണ്. സാം ഫെര്‍ണാണ്ടസാണ് ഹവാ സിങ്ങിന്റെ കഥ ചലച്ചിത്രമാക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജോണ്‍ എബ്രഹാമും സാം ഫെര്‍ണാണ്ടസും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മിക്കുക.

സിങ്ങിന്റെ ഗ്രാമമായ ഉമര്‍വാസ്, ഡല്‍ഹി, വൈഷ്‌ണോദേവി, ഹരിയാന, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും പ്രധാനലൊക്കേഷനുകള്‍. പാകിസ്താനിൽ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള യഥാര്‍ഥ ബോക്‌സര്‍മാരെ ചിത്രത്തിലുപയോഗിക്കുമെന്നും ചിത്രവുമായി അടുത്ത ബന്ധമുള്ളവര്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. താരനിര്‍ണയം പുരോഗമിക്കുകയാണ്.