ധൂം എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരമാണ് പാതിമലയാളിയായ ജോണ്‍ എബ്രഹം. ബിപാഷ ബസുവുമായുള്ള പ്രണയവും അതിന്റെ തകര്‍ച്ചയുമെല്ലാം കാരണം ജോൺ എപ്പോഴും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. അതിനു ശേഷമാണ് പ്രിയ റുഞ്ചാലുമായി ജോണ്‍ അടുക്കുന്നതും വിവാഹിതനാകുന്നതും. 

പ്രിയയുമായുള്ള ബന്ധം എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് ജോണ്‍ എബ്രഹാം. വിദേശത്ത് ബാങ്കില്‍ ജോലി ചെയ്യുന്ന പ്രിയ പൊതുപരിപാടികളിലെല്ലാം വിരളമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതേക്കുറിച്ച് ഈയിടെ ഒരഭിമുഖത്തില്‍ ജോണ്‍ പറഞ്ഞതിങ്ങനെ.

"പ്രിയ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അവള്‍ക്ക് താല്‍പര്യമില്ലെന്ന്. പ്രിയ അവളുടെ ലോകത്ത് തിരക്കിലാണ്. എന്റെ ഭാഗ്യമാണ് അവളെപ്പോലെ ഒരു ഭാര്യയെ ലഭിച്ചത്. ഒരു വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുക എന്നതാണ്. അത് മുന്‍പോട്ട് പോകണമെങ്കില്‍ നല്ല പക്വത കാണിക്കണം. എനിക്കതില്ല, പക്ഷേ പ്രിയക്കുണ്ട്. ഞാന്‍ ഒരു നല്ല ഭര്‍ത്താവല്ല എന്ന സത്യം തിരിച്ചറിയുന്നു. പക്ഷേ ഒരു കാര്യത്തിലും പരാതിയുമായി അവള്‍ എന്റടുത്ത് വന്നിട്ടില്ല. എന്റെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കാനുള്ള മനസ്സ് അവര്‍ക്കുണ്ട്".

Content Highlights: john abraham actor wife priya runchal interview