പൃഥ്വിരാജ്-ബിജു മേനോന്‍ താര കോമ്പോ ഒന്നിച്ച സൂപ്പര്‍ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.

ബോളിവുഡ് താരം ജോണ് അബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ റീമേയ്ക് അവകാശം സ്വന്തമാക്കിയത്.

"ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയ ത്രില്ലിങ്ങ് ആയ ചിത്രം അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റർടെയ്ൻമെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങൾക്ക് മികച്ച സിനിമ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.." ജോൺ എബ്രഹാം ട്വീറ്റ് ചെയ്തു. 

John

ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യാനിരിക്കുകയാണ്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.

തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ ആണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ധനുഷും ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

അനാര്‍ക്കലി എന്ന ചിത്രത്തിന്‌ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.  എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Content Highlights : john Abraham acquires Hindi remake rights of Ayyappanum Koshiyum