ഇൻഡിഗോയെ കൈയിലെടുത്ത് അറവുശാലയിൽനിന്ന് പുറത്തുവരുന്ന വാകീൻ ഫീനിക്സ്
തൊണ്ണൂറ്റിരണ്ടാം ഓസ്കര് പുരസ്കാരവേദിയില്‍ മികച്ച നടനുള്ള പുരസ്കാരമേറ്റുവാങ്ങി നടന് വാകീന്‍ ഫീനിക്സ് നടത്തിയ പ്രസംഗം അത്രയെളുപ്പം മറക്കാനാകുന്നതല്ല. പാലിനും ഇറച്ചിക്കും വേണ്ടി പശുക്കളടക്കമുള്ള മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് കണ്ണീരോടെ ഫീനിക്സ് ലോകത്തോടു പറഞ്ഞത്.
വെറുതേ പ്രസംഗിച്ച് കൈയടിനേടി പിന്നെ കാര്യം മറക്കുന്നയാളാണ് ഫീനിക്സെന്നു കരുതിയവരെയൊക്കെ ഞെട്ടിച്ചിരിക്കയാണ് ഹോളിവുഡിന്റെ 'ജോക്കര്‍'.
ഓസ്കര് പ്രസംഗത്തിന് രണ്ടുദിവസത്തിനുശേഷം കാലിഫോര്‍ണിയയിലെ അറവുശാലയിലേക്ക് മൃഗസംരക്ഷണപ്രവര്ത്തകരോടൊപ്പമെത്തിയ ഫീനിക്സ് മടങ്ങിയത് ഒരമ്മപ്പശുവിനും മൂന്നുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വ്യാഴാഴ്ചയാണ് പുറത്തുവന്നത്.
അറവുശാലയുടെ ഉടമയോട് മൃഗങ്ങളെ ഭക്ഷണത്തിനുപയോഗിക്കുന്നത് കൊലപാതകമാണെന്ന് വിശദീകരിച്ചശേഷം പശുക്കുട്ടിയെയും കൈയിലെടുത്ത് പുറത്തേക്കുനടക്കുന്ന ഫീനിക്സിനെയും മൃഗസംരക്ഷണകേന്ദ്രത്തിലെ പുല്‍ത്തകിടിയില്‍ സ്വതന്ത്രരായി ഓടിക്കളിക്കുന്ന പശുവിനെയും കുട്ടിയെയുമൊക്കെ ദൃശ്യങ്ങളില്‍ കാണാം. ലിബര്ട്ടിയെന്നും ഇന്‍ഡിഗോ എന്നും പശുവിനും കുട്ടിക്കും ഫീനിക്സ് പേരിടുന്നുമുണ്ട്.
Content Highlights: Joaquin Phoenix with cow Indigo, Joaquin Phoenix's Oscar Speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..