മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു സംവിധാനം ചെയ്ത ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രം തിയ്യറ്ററുകളില്‍ എത്തിയിട്ട് മുപ്പത് ദിവസം പിന്നിടുകയാണ്. ചൈനയില്‍ ജനിച്ച് കുന്നംകുളത്ത് വളര്‍ന്ന ഇട്ടിമാണി എന്ന നായക കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ കെപിഎസി ലളിതയായിരുന്നു ഇട്ടിമാണിയുടെ അമ്മയായി വേഷമിട്ടത്. 

ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ട വേളയില്‍ അണിയറപ്രവര്‍ത്തകര്‍ കെപിഎസി ലളിതയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഈ പോസ്റ്റര്‍ കണ്ട് കെപിഎസി ലളിത തങ്ങള്‍ക്കയച്ച വാട്സാപ്പ് സന്ദേശം പങ്കുവച്ചിരിക്കുകയാണ് സംവിധായകരായ ജിബിയും ജോജുവും.

പോസ്റ്റര്‍ കണ്ട് കണ്ണു നിറഞ്ഞു പോയെന്നും മോഹന്‍ലാൽ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരം ഇങ്ങനെ ഒരു പോസ്റ്റര്‍ കണ്ടിട്ടില്ലെന്നും സംവിധായകരോട് മരണംവരെ കടപ്പെട്ടിരിക്കുമെന്നും കെപിഎസി ലളിത അയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നു.

ജിബി ജോജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റർ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോൾ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നൽകിയ വാക്കുകൾ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.

ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകൾ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാർക്കുമായി ഈ ചിത്രം ഞങ്ങൾ സമർപ്പിക്കുന്നു.

കെപിഎസി ലളിത പങ്കുവച്ച വാട്സാപ്പ് സന്ദേശം

ജിബൂ.. ജോജു.. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരേം ഇങ്ങനെ ഒരു പോസ്റ്റര്‍ കണ്ടിട്ടില്ല... അതിന് അവസരം തന്ന നിങ്ങളോടുള്ള എന്‍റെ കടപ്പാട് എന്‍റെ മരണംവരെ കാണും... നമുക്ക് കഴിവ് മാത്രം ദൈവം തന്നാല്‍ പോര .അത് ഉപയോഗിക്കാന്‍ മനസുള്ളവരേം... ഇങ്ങോട്ട് അയക്കണം

Jibi Joju

Content Highlights : JIbi Joju shares Watsapp Message From KPAC Lalitha On Ittymaani movie Poster Mohanlal Ittymaani