-
സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡിൽ ഉയരുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികൾക്ക് അവർ അർഹിക്കാത്ത അംഗീകരങ്ങൾ ലഭിക്കുന്നുവെന്നും സാധാരണക്കാർ തഴയപ്പെടുകയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു. ഗോഡ് ഫാദറില്ലാതെ സിനിമയിൽ ഉയർന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങൾ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടൻ, കങ്കണ റണാവത്ത്, വിവേക് ഒബ്റോയി എന്നിവർ രംഗത്ത് വന്നതും വലിയ ചർച്ചയായി.
ഇതിന് തൊട്ടുപിന്നാലെ അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാൻ നടൻ സൽമാൻ ഖാനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസിൽ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സൽമാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടൻ അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും പറയുകയാണ് റാബിയ.
'ഹിന്ദി സിനിമ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഇത് തുറന്ന് പറയുവാൻ എന്നെ പ്രേരിപ്പിച്ചത്. ഈ സംഭവം നടക്കുന്നത് 2015 ലാണ്.
ജിയയുടെ മരണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു സിബിഐ ഓഫീസറെ ഞാൻ ലണ്ടനിൽ വച്ചു കാണാൻ ഇടയായി. അദ്ദേഹം എന്നോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ അദ്ദേഹത്തെ എന്നും വിളിക്കാറുണ്ടായിരുന്നു. സൂരജിന്റെ സിനിമയ്ക്കായി താൻ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും (സൂരജ് നായകനായി അരങ്ങേറ്റം കുറിച്ച ഹീറോ എന്ന ചിത്രം നിർമിച്ചത് സൽമാനായിരുന്നു) അതുകൊണ്ടു തന്നെ പോലീസ് അയാളെ തൊടരുതെന്നായിരുന്നു സൽമാന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സൽമാൻ അദ്ദേഹത്തോട് പറഞ്ഞു. ആ ഓഫീസർ നിസ്സഹായനായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു'- റാബിയ ഖാൻ പറഞ്ഞു.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. നടി സെറീന വഹാബിന്റെയും നിർമാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ്.
സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നു എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായത്- എന്നായിരുന്നു റാബിയ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
Content Highlights: Jia khan mother Rabia Khan against Actor salman khan for protecting sooraj Pancholi, suicide case Jiya Khan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..