മുംബൈ: നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശവുമായി സെഷന്‍ കോടതി. ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളി നടിയുടെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സൂരജിന്റെ വിചാരണയാണ് സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായിരിക്കുന്നത്.

സെറീന വഹാബിന്റെയും സംവിധായകന്‍ ആദിത്യാ പഞ്ചോളിയുടെയും മകനാണ് സൂരജ് പഞ്ചോളി. മകന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെറീന വഹാബ് പ്രതികരിച്ചു.

എന്റെ മകന്‍ കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ദുരിതത്തിലാണ്. ഇതൊരു വലിയ കാലയളവാണ്. എനിക്കും എന്റെ ഭര്‍ത്താവിനും കോടതിയിലും ദൈവത്തിലും വിശ്വാസമുണ്ട്.  മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ. എന്നാല്‍ നിരപരാധിയാണെങ്കില്‍ അവനോട് ചെയ്യുന്നത് ക്രൂരതയാണ്. വിചാരണ നടന്നെങ്കില്‍ മാത്രമേ തെറ്റും ശരിയും അറിയാനാകൂ. എന്റെ കുഞ്ഞിനെയോര്‍ത്ത് എനിക്ക് ദുഖമുണ്ട്. അവന്റെ മുഖം കാണുമ്പോള്‍ അതിയായ വിഷമം തോന്നും. മകളെ നഷ്ടപ്പെട്ട അമ്മയുടെ ദുഖവും എനിക്ക് മനസ്സിലാകും- സെറീന വഹാബ് പറഞ്ഞു. 

സിബിഐ പ്രത്യേക കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത് ജിയയുടെ മാതാവ് റാബിയ ഖാന്‍ സ്വാഗതം ചെയ്തു. മകള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റാബിയ ഖാന്‍ പ്രതികരിച്ചു. 

അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. 

സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നുവെന്നും എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. 

Content Highlights: Jiah Khan death case: Zarina Wahab on Sooraj Pancholi, transferring case to CBI special court