തൃശ്ശൂര്‍: സിനിമാമോഹവുമായി നടന്ന ജെന്‍സണ്‍, ഒമ്പതുവര്‍ഷത്തിനിടയില്‍ 2500 ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ട്. സിനിമയും ഷോര്‍ട്ട് ഫിലിമും ഡോക്യുമെന്ററിയുെമല്ലാം ഉള്‍പ്പെടുമിതില്‍. കൂടെ ക്രിക്കറ്റും. അങ്ങനെ ഒടുവില്‍ ആ സുവര്‍ണാവസരം ഒത്തുവന്നു- ക്രിക്കറ്റ്താരം ഹര്‍ഭജന്‍സിങ്ങും അര്‍ജുനും നായകന്മാരാകുന്ന തമിഴ്‌സിനിമയില്‍ ആദ്യാവസാനമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം. 'ഫ്രണ്ട്ഷിപ്പ്' എന്ന ഈ സിനിമ സെപ്റ്റംബര്‍ 17 മുതല്‍ പ്രദര്‍ശനം തുടങ്ങും.

ഈ സിനിമയില്‍ അവസരം കിട്ടുന്നതിനും ഈ കഥാപാത്രത്തെ കിട്ടുന്നതിനും കാരണമായത് ജെന്‍സണ് തമിഴ്‌സിനിമയിലെ ഒരു താരവുമായുള്ള മുഖസാദൃശ്യമാണ്. യോഗിബാബു എന്ന ഹാസ്യതാരത്തെയാണ് ഈ കഥാപാത്രത്തിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരക്കുകാരണം യോഗിബാബുവിന് അഭിനയിക്കാനായില്ല. അങ്ങനെയിരിക്കെയാണ് സംവിധായകരായ ജോണ്‍ പോള്‍ രാജും ശ്യാംസൂര്യയും മലയാളത്തിലിറങ്ങിയ ഡിജോ ജോസ് ആന്റണിയുടെ 'ക്വീന്‍' എന്ന സിനിമ കണ്ടത്. അതില്‍ ജെന്‍സണുണ്ടായിരുന്നു.

ജെന്‍സണ് യോഗിബാബുവിന്റെ മുഖഛായയുണ്ടെന്ന് കണ്ടെത്തിയാണ് ഫ്രണ്ട്ഷിപ്പ് സിനിമയിലേക്ക് ക്ഷണം ലഭിച്ചത്.

തൃശ്ശൂര്‍ അവണൂര്‍ സ്വദേശിയായ ജെന്‍സണ്‍ ആലപ്പാട്ട് നാട്ടിലെ കനിഷ്‌ക ക്ലബ്ബിലൂടെ നാടകം കളിച്ചാണ് രംഗത്തെത്തിയത്. വടക്കാഞ്ചേരി വ്യാസ കോളേജില്‍നിന്ന് ബി.എ. ഇക്കണോമിക്‌സ് ജയിച്ചശേഷം പ്രൊഫഷണല്‍ നാടകട്രൂപ്പായ തൃശ്ശൂര്‍ സ്റ്റേജ് ഇന്ത്യയില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം 100 സ്റ്റേജുകളില്‍ വേഷമിട്ടു.

മലയാളത്തില്‍ റിലീസ് ചെയ്ത എട്ട് സിനിമകളിലും തമിഴില്‍ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.