മലയാള സിനിമയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആയിരിക്കുമോ? ജെല്ലിക്കെട്ട് എന്ന സിനിമയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിരിക്കുന്ന ചര്‍ച്ചകള്‍ ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രത്തെ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രശ്‌സത സിനിമാ നിരൂപകരും ഐക്യകണ്‌ഠേന പ്രശംസിച്ചിരിക്കുകയാണ്.
ടൊറന്റോ മേളയില്‍ മികച്ച ഹൊറര്‍-സൈന്‍സ് ഫിക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ജെല്ലിക്കെട്ടും ഇടം നേടിയിരിക്കുകയാണ്. റോട്ടന്‍ടൊമാറ്റോയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഈ വിഭാഗത്തില്‍ നൂറ് കണക്കിന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. അതില്‍ മികച്ച് പത്ത് സിനിമകളുടെ പട്ടികയില്‍ ജെല്ലിക്കെട്ട് ഇടം നേടിയത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.
ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പോലുള്ള പുരസ്‌കാരത്തിന് മത്സരിക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ചിത്രങ്ങളാണ് മത്സരത്തിനെത്തുക. ഭാഷക്കതീതമായി സിനിമ എന്ന മാധ്യമം പ്രേക്ഷകരെ എങ്ങനെ രസിപ്പിക്കുന്നുവെന്ന് ഈ സിനിമകള്‍ കാണിച്ചു തരുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഒസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി കരസ്ഥമാക്കുമോ എന്നത് നമുക്ക് കണ്ടറിയാം.
ജെല്ലിക്കെട്ടിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത് ഇങ്ങനെ
ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എഴുന്നേറ്റ് പോകാനാകില്ല. കാരണം ഓരോ നിമിഷവും അത് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. അതി സങ്കീര്‍ണമാണ് കഥയും കഥാപാത്രങ്ങളും. അറക്കാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഒരു പോത്ത് വിരണ്ടോടുന്നതും അത് ഒരു ഗ്രാമത്തെ മുഴുവന്‍ പിടിച്ചുലയ്ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ മാഡ് മാക്‌സ്; ഫ്യൂരി റോഡ് എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഒരുക്കിയിരിക്കുന്നു. സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗ് സംവിധാനം ചെയ്ത ജോവ്‌സിനോടും ചിലപ്പോള്‍ സാദൃശ്യം തോന്നിയേക്കാം. ഈ ചിത്രത്തില്‍ യഥാര്‍ഥ പോത്തിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ കുറച്ച് രംഗങ്ങളില്‍ മാത്രമാണ് അതുള്ളത്. എന്നിരുന്നാലും സിനിമയിലൂടനീളം അതിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. ഈ സിനിമ ചിത്രീകരിക്കുന്ന സമയത്ത് ആളപായമൊന്നും സംഭവിച്ചില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ സിനിമകളില്‍ ഏറ്റവും മികച്ചതും ഏറെ വ്യത്യസ്തവുമാണ് ജെല്ലിക്കെട്ട്- പ്രശസ്ത നിരൂപകന്‍ ബാരി ഹെര്‍ട്ടസ് എഴുതുന്നു.
ബ്രീട്ടീഷ് ചിത്രം സീ ഫീവര്‍, ബ്രസീലിയന്‍ ചിത്രം ബക്കുറോ, ഇന്തൊനേഷ്യന്‍ ചിത്രം ഗുണ്ടാല, ക്രിസ് ഇവാന്‍സ് പ്രധാനവേഷത്തിലെത്തിയ നൈവ്‌സ് ഔട്ട്, ദ് വിഗില്‍, സിങ്കോണിക്, ലാ ലൊറോണ, ദ് പ്ലാറ്റ് ഫോം, ഗാള്‍ഡന്‍ ഗസ്‌റ്റെലു എന്നിവയാണ് ഈ വിഭാഗത്തില്‍ ഇടം നേടിയ മറ്റു ചിത്രങ്ങള്‍.
Content Highlights: Jellykettu movie, Lijo Jose Pellissery, 10 films that blew minds at TIFF, Rotten Tomatoes, Oscar award