-
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ഋഷി കപൂറിനൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച അനുഭവം പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫ്. ജീത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബോഡി’യാണ് ഋഷി കപൂറിന്റേതായി അവസാനം തീയേറ്ററിൽ എത്തിയ ചിത്രവും.
ഋഷി കപൂറിനൊപ്പമുള്ള ഒരു ചിത്രമെന്നത് തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നെന്നും അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും ജീത്തു പറയുന്നു.
“ഇതിഹാസ താരം ഋഷി കപൂർ സാറിന്റെ വിയോഗത്തെ കുറിച്ചുള്ള വാർത്ത കേട്ടു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അധിനിവേശവും ജോലിയോടുള്ള സമീപനവും വിനയവുമെല്ലാം
അദ്ദേഹത്തിൽ നിന്നും ഞാൻ നോക്കി പഠിച്ചു.
അനുഭവസമ്പത്തിലും സിനിമയെ കുറിച്ചുള്ള അറിവിലും അദ്ദേഹം എന്നേക്കാൾ എത്രയോ മുമ്പിലാണെങ്കിലും എപ്പോഴും വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിരുന്നത്. അദ്ദേഹത്തോടൊപ്പം സെറ്റിലുണ്ടായിരുന്ന ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ പഠിക്കാനായി.ഒരുപാട് വേദനയോടെയാണ് ഞാനിത് പറയുന്നത് ഇന്ത്യൻ സിനിമയ്ക്കൊരു ഇതിഹാസത്തെയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു,” ജീത്തു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഋഷി കപൂർ സ്നേഹത്തോടെ നൽകിയ ഒരു സമ്മാനത്തെക്കുറിച്ചും ജീത്തു പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവചരിത്ര പുസ്തകത്തിൽ കയ്യൊപ്പു ചാർത്തി ഋഷി കപൂർ തനിക്ക് നൽകിയ വിലപ്പെട്ട സമ്മാനത്തെക്കുറിച്ചും ജീത്തു കുറിപ്പിൽ പറയുന്നുണ്ട്. . “പ്രിയപ്പെട്ട ജീത്തു ജോസഫ് സാർ… ചിയേഴ്സ്,” എന്നാണ് സ്വന്തം കൈപ്പടയാൽ ഋഷി കപൂർ കുറിച്ചിരിക്കുന്നത്.
2013-ൽ ഒരു ത്രില്ലർ ചിത്രമായി പുറത്തിറങ്ങിയ ദ് ബോഡിയിൽ ഇമ്രാൻ ഹാഷ്മിയായിരുന്നു നായകൻ, ശോഭിത ധൂളിപാല, വേദിക എന്നിവർ നായികമാരായി.
Content Highlights : Jeethu Joseph Shares Memories With Rishi Kapoor while working for The Body Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..