ഏഴ് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിലെ സകല ബോക്സോഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച് ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ആ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറായി മാറുകയും ചൈനീസ് ഭാഷയിലുൾപ്പടെ റീമേക്ക് പുറത്തിറങ്ങുകയും ചെയ്തു. കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിയുടെ കുടുംബത്തിൽ നടന്ന ഒരു സംഭവത്തിൽ തുടങ്ങിയ ചിത്രം വലിയൊരു രഹസ്യം ഒളിപ്പിച്ചു വച്ചുകൊണ്ടാണ് അവസാനിപ്പിച്ചത്.
വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോഴും വലിയ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിൽ നിന്നും ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകർത്തിയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
With Georgekutty and family after 6 years....😍😍😍
Posted by Jeethu Joseph on Sunday, 4 October 2020
ജോർജുകുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയായി മീനയും മക്കളായി അൻസിബയും എസ്തറും വേഷമിടുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കും അണിയറപ്രവർത്തകർക്കും കോവിഡ് പരിശോധന കർശനമാക്കിയിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
Content Highlights: Jeethu joseph shares location picture from Drishyam 2 with Mohanlal Meena Esther And Ansiba