ദൃശ്യം ആദ്യഭാഗം പുറത്തിറങ്ങിയ ശേഷം രണ്ടാംഭാഗം ഒരുക്കണമെന്ന് വിചാരിച്ചില്ലെന്ന് ജീത്തു ജോസഫ്. കോട്ടയം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഭാഗം ആകസ്മികമായി സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ആശയം ലഭിക്കുകയാണെങ്കില്‍ മൂന്നാംഭാഗം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദൃശ്യം 3 യുടെ ക്ലൈമാക്‌സ് എന്റെ കയ്യിലുണ്ട്. അത് ലാലേട്ടനുമായി (മോഹന്‍ലാല്‍) ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനായിട്ടില്ല. ദൃശ്യം 3 അഥവാ ഉണ്ടാവുകയാണെങ്കില്‍ രണ്ട് മൂന്ന് വര്‍ഷങ്ങളെടുക്കും- ജീത്തു ജോസഫ് പറഞ്ഞു. 

ദൃശ്യം 2 വിന്റെ ലാഭനഷ്ടക്കണക്കുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

എത്രലാഭം കിട്ടിയെന്നൊന്നും എനിക്ക് അറിയില്ല. ആമസോണ്‍ എത്രരൂപയ്ക്കാണ് ആന്റണിയുടെ കയ്യില്‍ നിന്ന് ദൃശ്യം 2 വാങ്ങിയതെന്ന് എനിക്കറിയില്ല. ലാഭമാണോ നഷ്ടമാണോ എന്ന് മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ. ഒ.ടി.ടിയില്‍ റിലീസ് ചെയ്തത് നന്നായെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ സമയത്ത് ഇത്രയും സ്വീകാര്യത ലഭിക്കില്ലായിരുന്നു. തിയേറ്റര്‍ ഉടമകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ദൃശ്യം 2 റിലീസ് തിയേറ്ററില്‍ എത്തട്ടെ- ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Jeethu Joseph on  Drishyam 2, Dhrishyam 3, Amazon Prime Release, Mohanlal