ജീത്തു കുടുംബത്തോടൊപ്പം
തന്റെ കോവിഡ് ദിനങ്ങളുടെ കഥ ഹ്രസ്വചിത്രവീഡിയോയായി പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫിന്റെ ഇളയ മകൾ കറ്റീന ആൻ. കോവിഡ് രോഗബാധിതയായി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ സമയത്ത് കറ്റീന തയ്യാറാക്കിയ വീഡിയോ ജീത്തു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'ഇതും കടന്നു പോകും' എന്ന കുറിപ്പോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 18നാണ് കറ്റീനാ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നത്. തുടർന്ന് 13 ദിവസങ്ങൾ വീട്ടിൽ തന്നെ കറ്റീനാ ക്വാറന്റീനിലായിരുന്നു. പ്രിയപ്പെട്ടവർ ഒരു വിളിക്കപ്പുറം അടുത്തുണ്ടായിരുന്നിട്ടും രോഗദിവസങ്ങളിൽ അകാരണമായ ഭയവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നതായി കറ്റീനാ പറയുന്നു. കൂട്ടിന് സ്വന്തം നിഴൽ മാത്രമുണ്ടായിരുന്ന രാത്രികളും പകലുകളും. തന്റെ ലോകം തന്നെ കീഴ്മേൽ മറിയുന്നതായി അനുഭവപ്പെട്ടെന്ന് കറ്റീന വീഡിയോയിൽ വ്യക്തമാക്കുന്നു. ഇതിനിടയിൽ മണം നഷ്ടപ്പെട്ടു. ശ്വാസതടസം വില്ലനായെത്തി.
ആ ദിനങ്ങളിൽ താൻ പുസ്തകങ്ങൾ വായിച്ചു, കയ്യിൽ നെയിൽ പോളിഷ് ഇട്ടു, റൂം അടിച്ചു വാരി വൃത്തിയാക്കി, കിടക്ക ഒരുക്കി, എഴുതി, വരച്ചു, നല്ല പോലെ വിശ്രമിച്ചു, ഒരു മാറ്റത്തിനായി കാത്തിരുന്നുവെന്ന് കറ്റീന പറയുന്നു. എന്തിനെന്നറിയാതെ ചില ദിനങ്ങളിൽ കരഞ്ഞു, ചില ദിനങ്ങളിൽ ആകുലപ്പെട്ടു
ഒടുവിൽ ശുഭപ്രതീക്ഷയെന്നോണം കോവിഡ് നെഗറ്റീവായി. ഒടുവിൽ ക്വാറന്റൈന് ശേഷം പുറത്തിറങ്ങിയ തനിക്ക് മുന്നിൽ പുതിയ ലോകമാണ് കറ്റീന കണ്ടെത്തുന്നത്.
കോവിഡ് നെഗറ്റീവായതിനു ശേഷം പുറത്തിറങ്ങിയപ്പോൾ ഒരു പുതിയ ലോകം തനിക്ക് മുന്നിൽ വെളിപ്പെടുകയായിരുന്നു. പതിയെ എങ്കിലും താൻ സുഖപ്പെട്ടു തുടങ്ങി, വീണ്ടും പ്രകൃതിയുടെ ഗന്ധം ആസ്വദിക്കാൻ തുടങ്ങി, പുതിയൊരു സൂര്യന് കീഴേ നടക്കാൻ തുടങ്ങി.
ഉത്കണ്ഠയും ഒറ്റപ്പെടലും അനുഭവിക്കുന്നവരോട് നിത്യവും ഉണരാനും ശ്വസിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനും പറയുന്ന കറ്റീന ഇതും കടന്നു പോകുമെന്ന ഓർമപ്പെടുത്തലോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlights : Jeethu joseph daughter Katina Ann Jeethu Covid Days Short video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..