318 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ മലയാള ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അമിതമദ്യപാനിയുടെ വേഷത്തിലാണ് ജയസൂര്യ എത്തിയത്. മുരളി എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് ജയസൂര്യ അവതരിപ്പിച്ചത്.
ചിത്രത്തെക്കുറിച്ച് സംവിധായികയായ രതീന ഷെര്‍ഷാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.മുരളിയുടേത് പോലെയൊരു കഥാപാത്രം തന്റെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ടെന്ന് രതീന പറയുന്നു.
രതീനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ജയസൂര്യ, സോറി നിങ്ങളുടെ മുരളിയെ ഞാന്‍ കണ്ടതേയില്ല! പക്ഷെ അതുപോലൊരാളെ എനിക്കറിയാം, എന്റെ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു..അതേ രൂപം, അതേ നടത്തം, അതേ സംസാരം, അതേ ചിരി, അതേ അവസ്ഥ! മുഴുവന്‍ സമയവും മുരളിയെ പോലെ മൂപ്പരും വെള്ളത്തില്‍ തന്നെയായിരുന്നു. എന്നെ വല്യ ഇഷ്ടാരുന്നു, എനിക്കും! കുടിച്ചു വീട്ടില്‍ കയറരുതെന്നു പറയുമ്പോള്‍ പിന്നിലൂടെ വന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ ജനാലയില്‍ വെച്ച് മാറി നിക്കും!
കളര്‍ പെന്‍സിലുകള്‍ക്കും ബ്രഷും പെയിന്റും, പുസ്തകങ്ങളും എഴുതി കൂട്ടാന്‍ കെട്ടുകണക്കിനു പേപ്പറുകളും കൂടെ മിഠായികളും പ്രിയപ്പെട്ട പലഹാരങ്ങളും! ഞാന്‍ വളര്‍ന്നു പോത്തു പോലെയായിട്ടും ആ സ്‌നേഹം അങ്ങനെ തന്നെ!
മുരളിയെ പോലെ എല്ലാര്‍ക്കും മൂപ്പര് കുടിയന്‍..മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്!
പക്ഷെ മൂപ്പര് പോയി.. കുടിച്ചു കുടിച്ചു മരിച്ചു എന്ന് എല്ലാവരും ഇപ്പോഴുംപറയും! പ്രജീഷ് ഭായ്, ഒന്നും പറയാനില്ല! മുരളിയെപോലെ ഒരാള്‍ നമുക്കിടയില്‍ ഉണ്ട്,സമൂഹത്തിനു മുന്നില്‍ പരാജിതനായോ, പരാജയത്തില്‍ നിന്ന് കരകയറിയോ അവര്‍ എവിടെയൊക്കെയോ ഉണ്ട്! ഞാന്‍ കണ്ടിട്ടുണ്ട്.
Content Highlights: Jayasurya Vellam Movie, Ratheena Sharshad