ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രെയിലർ പുറത്തുവിട്ടു.
ക്യാപ്റ്റൻ സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ - ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 22ന് ആണ് റിലീസ് ചെയ്യുന്നത്.
നേരത്തെ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. 'മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ..' എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്.
ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്.
സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.
ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Content highlights :jayasurya upcoming malayalam movie vellam trailer