രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ  ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. 

ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ചിത്രത്തിന്റെ ട്രെയ്ലർ ജയസൂര്യ പങ്കുവച്ചിരിക്കുന്നത്.

"സിനിമയിൽ 20 വർഷം...അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്ന ഒരു വ്യവസായത്തിൽ 20 വർഷം. മികച്ച സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരോടൊപ്പം 20 വർഷത്തെ ജോലി, 20 വർഷത്തെ വളർച്ച, നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ധന്യമായ 20 വർഷം

നന്ദി. ഈ 20 വർഷങ്ങളിൽ ഞാൻ അനു​ഗ്രഹീതനായിരുന്നു. 100 ചിത്രങ്ങൾ കൊണ്ട് അനു​ഗ്രഹിക്കപ്പെട്ടു, എനിക്ക് ഏറെ പ്രിയപ്പെട്ട 100 കഥാപാത്രങ്ങൾ, 100 കഥകൾ, എണ്ണിയാലൊടുങ്ങാത്ത സ്റ്റാർട്ട് ക്യാമറ ആക്ഷനും കട്ടും...കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളുടെയും സമൃദ്ധി.

ഈ മനോഹരമായ യാത്രയുടെ തുടക്കത്തിൽ, എന്റെ നൂറാമത്തെ സിനിമയായ സണ്ണി ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

സണ്ണി, എന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും സമാനകളില്ലാത്ത ആശയമായതിനാൽ ഇതിന് എന്റെ ഹൃദയത്തിൽ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു 240 രാജ്യങ്ങളിൽ ആമസോൺ പ്രൈമിലൂടെ സണ്ണി സെപ്തംബർ 23ന് നിങ്ങളിലേക്കെത്തും". 

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സമീർ മുഹമ്മദ്.

പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആർ വി കിരൺരാജ്,കോസ്റ്റ്യൂം ഡിസെെനർ-സരിത ജയസൂര്യ, സ്റ്റിൽസ്-നിവിൻ മുരളി, പരസ്യക്കല-ആന്റണി സ്റ്റീഫൻ,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ, അസോസിയേറ്റ് ക്യാമറമാൻ-ബിനു, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡ്ക്ഷൻ മാനേജർ-ലിബിൻ വർഗ്ഗീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : Jayasurya Ranjith Shankar movie Sunny teaser september 23 amazon prime release