സൂപ്പര്‍ഹിറ്റായ ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജി.പ്രജേഷ് സെന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേരി ആവാസ് സുനോ'. ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ജയസൂര്യയുടെ ആര്‍.ജെ.ശങ്കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന ഡോ. രശ്മി എന്ന കഥാപാത്രമായാണ് മഞ്ജു വേഷമിടുന്നത്. ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, അരുണ്‍, ജി.സുരേഷ് കുമാര്‍, ഗൗതമി നായര്‍, ദേവി അജിത്, എന്നിവര്‍ക്കൊപ്പം പ്രശസ്ത സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദ്യം അതിഥി താരങ്ങളായും അഭിനയിക്കുന്നു.

പ്രശസ്ത നിര്‍മ്മാതാവ് ബി.രാകേഷാണ് യുണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ത്യാഗു തവനൂര്‍.

Content Highlights: Jayasurya, Prajesh sen,  Manju Warrier, meri awaz suno