കൊച്ചി : പുതിയ പാഠങ്ങളും അനുഭവങ്ങളുമാണ് ലോക്ക്ഡൗൺ ഓരോരുത്തർക്കും സമ്മാനിച്ചത്. നാടുമുഴുവൻ സാമൂഹിക അകലം പാലിക്കുമ്പോൾ പണ്ടെങ്ങുമില്ലാത്തവിധം ‘ സമ്പർക്കം’ കൂടിയ ഇടമായി ഓരോ വീടും മാറി. സുരക്ഷിതരായിരിക്കാൻ എല്ലാവരും വീട്ടിലേക്കു മടങ്ങി.
വീടുകളിലെ സ്നേഹക്കാഴ്ചകളും കൂട്ടുകൂടലും ഏറെക്കണ്ട കാലം താരകുടുംബങ്ങൾക്ക് സമ്മാനിച്ചതും ഒത്തുചേരലിന്റെ സന്തോഷം. വെള്ളിത്തിരയിലെ പ്രിയതാരങ്ങളായ ജയസൂര്യയുടെയും ഇന്ദ്രജിത്തിന്റെയും ഭാര്യമാർ ലോക്ക്ഡൗൺ വിശേഷങ്ങൾ പങ്കുവെക്കുന്നു...
വീണുകിട്ടിയ നിമിഷങ്ങൾ
ജയസൂര്യ എന്ന ഭർത്താവിനെ അടുത്തുകിട്ടിയതിന്റെ സന്തോഷത്തിലാണ് സരിത. അച്ഛനുമൊത്ത് ഇത്രയും ദിവസം കളിച്ചുരസിക്കാനായതിന്റെ ആവേശത്തിൽ അദ്വൈതും വേദയും. “ജീവിതത്തിൽ ആദ്യമായാണ് ജയൻ ഇത്രയും ദിവസം ഞങ്ങൾക്കൊപ്പം നിൽക്കുന്നത്. അച്ഛനെ പൂർണമായി വീട്ടിൽ കിട്ടുന്നത് മക്കളും നന്നായി ആസ്വദിക്കുന്നുണ്ട്. രാവിലെ ഏഴരയ്ക്കുതുടങ്ങുന്ന ഓൺലൈൻ ക്ലാസ് മുതൽ രാത്രി അത്താഴംവരെ എല്ലാത്തിലും ഇപ്പോൾ ജയന്റെ സാന്നിധ്യമുണ്ട്. കോവിഡിന്റെ വിഷമങ്ങൾ ലോകത്തെ പൊതിയുമ്പോഴും വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പമിരിക്കാൻ കിട്ടുന്ന നിമിഷങ്ങൾ സൗഭാഗ്യമായാണ് കരുതുന്നത്” -സരിത പറയുന്നു.
യോഗയും പുസ്തകങ്ങളും
മക്കൾക്കൊപ്പം ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുന്നതിന്റെ സന്തോഷത്തിലാണ് ജയസൂര്യയെന്ന് സരിത പറഞ്ഞു. “നാലഞ്ചു മാസമായി വീട്ടിൽത്തന്നെയുണ്ട്. ജയന്റെ പല ഇഷ്ടങ്ങളും കുട്ടികൾക്കൊപ്പം ചെയ്യാനാകുന്നു. എല്ലാ ദിവസവും മക്കൾക്കൊപ്പം യോഗ ചെയ്യാൻ സമയം കിട്ടുന്നു. മോളാണെങ്കിൽ ഡാൻസിലും പെയിന്റിങ്ങിലും താത്‌പര്യമുള്ള ആളാണ്. ഓൺലൈനിൽ ഇതുരണ്ടും പഠിക്കാൻ ഇപ്പോൾ ധാരാളം സമയം ലഭിക്കുന്നു. യൂ ട്യൂബിൽ ടെക്കി വീഡിയോകൾ അപ്ലോഡ് ചെയ്യാനുള്ള സമയമായാണ് മോൻ ലോക്ക്ഡൗണിനെ ഉപയോഗിക്കുന്നത്. ജയനാണെങ്കിൽ ധാരാളം വായിക്കാനും സിനിമ കാണാനും അവസരം കിട്ടിയ സന്തോഷത്തിലാണ്” -സരിത പറയുന്നു.
Content Highlights : Jayasurya Family Lockdown Saritha Jayasurya Advaith And Vedha