വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കര്‍ശനമായ ഉപാധിയോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ എക്‌സ് എന്ന അക്ഷരം ഉപയോഗിക്കരുത് എന്നു പറഞ്ഞാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

നേരത്തെ സെക്‌സി ദുര്‍ഗ എന്നു പേരിട്ട ചിത്രത്തിന് ഈ കാരണം കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ എസ് എന്ന അക്ഷരത്തിനുശേഷം മൂന്ന് നക്ഷത്ര ചിഹ്നങ്ങള്‍ ഇട്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു.

ഇതിനിടെ ചിലയിടങ്ങളില്‍ സെക്‌സി ദുര്‍ഗ എന്ന പഴയ പേരു തന്നെ ഉപയോഗിക്കുന്നു എന്ന കാട്ടി സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തം കാരണം ചിത്രത്തിന് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുകയാണ് ഉണ്ടായത്. 1983ലെ സിനിമാറ്റോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമത്തിലെ ചട്ടം 33 ലംഘിച്ചതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍മാതാവ് ഷാജി മാത്യുവിന് ബോര്‍ഡ് നിര്‍ദേശം നല്‍കി. ടൈറ്റില്‍ കാര്‍ഡില്‍ എസ് ദുര്‍ഗ എന്ന പേരിനൊപ്പം ചില ചിഹ്നങ്ങള്‍ ചേര്‍ത്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ബോര്‍ഡ് നടപടി.

s durga

ബോര്‍ഡിന്റെ ഈ നടപടിക്കെതിരെ സംവിധായകനും നിര്‍മാതാവും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ ചില ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇപ്പോഴും സെക്‌സി ദുര്‍ഗ എന്നെഴുതുന്ന കാര്യം സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്.

 ചിത്രം പരമാവധി തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഇത് നടന്നില്ലെങ്കില്‍ സമാന്തരമായ ഒരു വിതരണ സംവിധാനത്തിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സിനിമാപ്രേമികളുടെ സഹായവും സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Content Highlights: Jayasurya Captain Blind Happy Journey Malayalam Movie Blind Cricket