എഴുതിത്തള്ളാന്‍ വരട്ടെ; ജയറാമിനെ പരിഹസിക്കുന്നവര്‍ ഇത് വായിക്കാതെ പോകരുത്


സമീപകാലത്തെ ജയറാം ചിത്രങ്ങള്‍ക്ക് പ്രേക്ഷര്‍ക്കിടയില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സിനിമകള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

രുകാലത്ത് മലയാള സിനിമയിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ജയറാം. പത്മരാജനില്‍ തുടങ്ങി സത്യന്‍ അന്തിക്കാട്, രാജസേനന്‍ എന്നീ സംവിധായകരുടെ കയ്യിലൂടെയായിരുന്നു ജയറാമിന്റെ വളര്‍ച്ച. അതില്‍ പ്രേക്ഷകരെ മതിവരുവോളം ചിരിപ്പിച്ച ഒരുപാട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍.

സമീപകാലത്തെ ജയറാം ചിത്രങ്ങള്‍ക്ക് പ്രേക്ഷര്‍ക്കിടയില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സിനിമകള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. സത്യത്തില്‍ ജയറാമിന്റെ കരിയറിന് സംഭവിച്ചതെന്ത്. അതേക്കുറിച്ച് വിലയിരുത്തുകയാണ് മഹേഷ് ഗോപാല്‍ എന്നൊരാള്‍. ഫെയ്‌സ്ബുക്കിലാണ് മഹേഷിന്റെ കുറിപ്പ്. കുറിപ്പ് വായിച്ച ജയറാം ആരാധകര്‍ക്കായി സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവയ്ച്ചു. ഒപ്പം മഹേഷിന് നന്ദിയും രേഖപ്പെടുത്തി.

മഹേഷിന്റെ കുറിപ്പ് വായിക്കാം

ആവശ്യത്തിനും അനാവശ്യത്തിനും പരിഹാസങ്ങളെയ്യുന്ന ഒരു സമൂഹത്തില്‍, ആവശ്യത്തിലേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ജയറാം. സമീപകാലത്തെ കുറേയേറെ ചിത്രങ്ങള്‍ അതിന് കാരണമായിട്ടുണ്ടെങ്കിലും ജയറാം എന്ന നടനെ അത്ര വേഗമൊന്നും എഴുതിത്തള്ളാന്‍ കഴിയില്ല.

ജയറാം എന്ന നടന്‍ എങ്ങനെ ഉയര്‍ന്നു വന്നുവെന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചടികള്‍ക്ക് കാരണമെന്നും വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് ഇവിടെ.

നായകനായി വന്ന്, മുപ്പതു വര്‍ഷങ്ങളായി നായകനായി തന്നെ നിലനില്‍ക്കുന്ന ഈ നടന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണങ്ങള്‍ അനവധിയാണ്.

അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ ഒരു നടനെന്ന നിലയില്‍ പ്രേക്ഷക മനസ്സില്‍ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാന്‍ ജയറാമിനു കഴിഞ്ഞു. അപരനെന്ന ചിത്രത്തിന്റെ വിജയത്തില്‍ വലിയൊരു പങ്ക് ക്ലൈമാക്‌സിലെ നിഗൂഡമായ ആ ഒരു ചിരിയിലാണെന്നിരിക്കേ, ആ രംഗം അതീവ സൂക്ഷ്മതയോടെ പ്രേക്ഷകരിലെത്തിക്കാന്‍ അദ്ദേഹത്തിനായി. തഴക്കം വന്ന കഥാപാത്രങ്ങളിലൂടെ ജയറാമിനോളം വേഗത്തില്‍ establish ആയ മറ്റൊരു നടന്‍ മലയാള സിനിമാ ചരിത്രത്തിലുണ്ടായിട്ടുണ്ടാവില്ല.

അപരന്‍, മൂന്നാംപക്കം, പൊന്മുട്ടയിടുന്ന താറാവ്, ജാതകം, വര്‍ണ്ണം, ചാണക്യന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, മഴവില്‍ക്കാവടി, പ്രാദേശിക വാര്‍ത്തകള്‍, കാലാള്‍പട, ഇന്നലെ, ചക്കിക്കൊത്ത ചങ്കരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ജയറാം പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത് തന്റെ കരിയറിലെ ആദ്യ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളിലാണ്.

ഇതില്‍ തന്നെ അപരനും, മൂന്നാംപക്കവും, വര്‍ണ്ണവും, ചാണക്യനും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും, മഴവില്‍ കാവടിയും, ഇന്നലെയുമൊക്കെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇത്ര ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ തന്നെ നേടിയെടുത്ത പ്രേക്ഷക പ്രീതി കാത്തു സൂക്ഷിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജൈത്രയാത്ര.

തൂവല്‍സ്പര്‍ശം, തലയണമന്ത്രം, വചനം,ശുഭയാത്ര, പാവക്കൂത്ത്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം, മാലയോഗം, കുറുപ്പിന്റെ കണക്കു പുസ്തകം, സന്ദേശം, പൂക്കാലം വരവായി, മുഖചിത്രം. കൂടിക്കാഴ്ച, കിലുക്കാംപെട്ടി, കേളി, കണ്‍കെട്ട്, കടിഞ്ഞൂല്‍ കല്യാണം, ജോര്‍ജ്ജ് കുട്ടി C/O ജോര്‍ജ്ജുകുട്ടി, എഴുന്നള്ളത്ത്, എന്നും നന്മകള്‍, ഫസ്റ്റ് ബെല്‍, തുടങ്ങിയ ചിത്രങ്ങളിലൊക്കെയും തീര്‍ത്തും വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളായിരുന്നു. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നെ അത്തരം കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കാന്‍ ജയറാമിന് കഴിഞ്ഞിരുന്നു.

തലയണമന്ത്രത്തിലെ മോഹനനിലും, ശുഭയാത്രയിലെ വിഷ്ണുവിലും, പൂക്കാലം വരവായിയിലെ ബസ് ഡ്രൈവര്‍ നന്ദനിലും ഒക്കെ നമുക്ക് കാണാന്‍ കഴിയുന്നത് നമുക്കൊക്കെ പരിചിതമായ സാധാരണക്കാരന്റെ ജീവിതം തന്നെയാണ്. ജയറാമിനെ ഇത്രയധികം ജനകീയനാക്കിയത് അദ്ദേഹത്തിന്റെ ഈ സാധാരണക്കാരന്‍ ഇമേജായിരുന്നു.

ഈ ചിത്രങ്ങള്‍ക്കിടയില്‍ തന്നെ രണ്ടാം വരവ് എന്ന ഒരു ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോ എന്ന നിലയിലേക്ക് ഒന്ന് ചുവട് മാറാന്‍ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. ഇക്കാലയളവിലൊക്കെ ചില സംവിധായകരുടെയും എഴുത്തുകാരുടെയും ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നത് അദ്ദേഹത്തിന്റെ വിജയ യാത്രയില്‍ നിര്‍ണായകമായി. ഇതിനിടയില്‍ ധ്രുവം, അദ്വൈതം തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളില്‍ സഹകരിക്കാനും തന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു.
ആയുഷ്‌കാലം, പൈതൃകം, ഒരു കടങ്കഥ പോലെ, ബന്ധുക്കള്‍ ശത്രുക്കള്‍, കാവടിയാട്ടം, സുദിനം, വധു ഡോക്ടറാണ്, കുസൃതികാറ്റ്, മിന്നാമിനുങ്ങിനും മിന്നുകെട്ട് തുടങ്ങിയ ചെറു ബഡ്ജറ്റ് ചിത്രങ്ങളിലൂടെയൊക്കെ മിനിമം ഗ്യാരണ്ടി നടനായി നിലയുറപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഈ കാലയളവില്‍,സത്യന്‍ അന്തിക്കാട്, കമല്‍, വിജി തമ്പി തുടങ്ങിയ സംവിധായകരുടെയൊക്കെ പ്രൈമറി ചോയിസ് ആയി ജയറാം മാറിയിരുന്നു. ഇക്കൂട്ടത്തിലേക്ക് രാജസേനന്‍ എന്ന സംവിധായകന്‍ കൂടി കടന്നു വന്നതോടെ ജയറാം എന്ന നടന്റെ കരിയര്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തപ്പെട്ടു.

കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനായതുകൊണ്ട് തന്നെ, വലിയ ഒരു ഇനിഷ്യല്‍ പുള്‍ ഒന്നും ആദ്യകാലങ്ങളില്‍ ജയറാം ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഒട്ടുമിക്ക ചിത്രങ്ങളും സ്റ്റെഡി കളക്ഷനില്‍ തന്നെ ആഴ്ചകളോളം പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ജയറാം രാജസേനന്‍ കൂട്ടുകെട്ട് ഉണ്ടായതോടെ ഈ ഒരു നിലയില്‍ മാറ്റം സംഭവിച്ചു.
ഇവരുടെ ആദ്യ ചിത്രമായ കടിഞ്ഞൂല്‍ കല്യാണത്തിനും, തുടര്‍ന്നു വന്ന വിജയ ചിത്രമായ അയലത്തെ അദ്ദേഹത്തിനും ശേഷം, മേലെ പറമ്പില്‍ ആണ്‍വീട് മുതല്‍ ജയറാം ചിത്രങ്ങള്‍ക്ക് മികച്ച ഇനിഷ്യല്‍ കളക്ഷനും ലഭിക്കുവാന്‍ തുടങ്ങി.

സിഐഡി ഉണ്ണികൃഷ്ണന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, ദില്ലിവാല രാജകുമാരന്‍, കഥാനായകന്‍, ദി കാര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെയും തീയറ്ററുകള്‍ പൂരപ്പറമ്പാക്കിയ ചിത്രങ്ങളായിരുന്നു... (ദി കാര്‍ എന്ന ചിത്രത്തിന് പക്ഷേ കളക്ഷന്‍ നിലനിര്‍ത്താനായില്ല..)
ഇതിനോടൊപ്പവും, തുടര്‍ന്നും റിലീസായ പുതുക്കോട്ടയിലെ പുതുമണവാളന്‍, തൂവല്‍ കൊട്ടാരം, അരമന വീടും അഞ്ഞൂറേക്കറും, സൂപ്പര്‍മാന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കാരുണ്യം, കിലുകില്‍പമ്പരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കളിവീട് തുടങ്ങിയ ചിത്രങ്ങളൊക്കെയും വിജയം നേടിയവയായിരുന്നു.
ഈ കാലയളവില്‍ വന്ന ചിത്രങ്ങളിലൊക്കെ കൂടുതല്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ പ്രാപ്തിയുള്ള ഒരു ജയറാമിനെ പ്രേക്ഷകന് കാണാന്‍ സാധിച്ചു.കാരുണ്യത്തിലെ സതീശനൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്

സമ്മര്‍ ഇന്‍ ബത്ലഹേം എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഏറ്റവുമധികം കയ്യടി വാങ്ങാന്‍ ജയറാം എന്ന നടന് സാധിച്ചത് തന്റെ തനതായ ശൈലിയിലൂടെ തന്നെയാണ്. വിജയങ്ങള്‍ വീണ്ടും തുടര്‍ന്നുകൊണ്ടേയിരുന്നു.
കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, കൈക്കുടന്ന നിലാവ്, ഫ്രണ്ട്‌സ്,വീണ്ടും ചില വീട്ടു കാര്യങ്ങള്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളൊക്കെയും സൂപ്പര്‍ഹിറ്റുകളായിരുന്നു.
ഇതിനിടയില്‍ സ്‌നേഹം, ചിത്രശലഭം, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി.
ഈയൊരു പോയിന്റിനു ശേഷമാണ് തുടര്‍ച്ചയായ വിജയങ്ങള്‍ എന്ന പതിവ് മെല്ലെ കുറഞ്ഞു തുടങ്ങിയത്.
തുടര്‍ന്നങ്ങോട്ടുള്ള അദ്ദേഹത്തിന്റെ കരിയര്‍ വിജയ പരാജയങ്ങളാല്‍ സമ്മിശ്രമായിരുന്നു.
ഏറെ പ്രതീക്ഷയോടെ റിലീസായ സ്വയംവര പന്തല്‍ എന്ന ചിത്രം വലിയൊരു വിജയമൊന്നുമായില്ല. എന്നിരുന്നാലും ആ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി.

അതിലും അര്‍ഹിച്ചിരുന്ന സമയത്തൊന്നും ലഭിക്കാതിരുന്ന അവാര്‍ഡ് ഇത്തരത്തില്‍ ലഭിച്ചു എന്ന കരുതുന്നതാവും ഉചിതം. തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് നഷ്ടമായത് എന്തോ സാങ്കേതിക കാരണം പറഞ്ഞു കൊണ്ടായിരുന്നു.

സ്വയംവരപ്പന്തലിന് പിന്നാലെ പുറത്തിറങ്ങിയ നാടന്‍പെണ്ണും നാട്ടുപ്രമാണിയും, മില്ലേനിയം സ്റ്റാര്‍സ്,വക്കാലത്ത് നാരായണന്‍കുട്ടി, ഷാര്‍ജ ടു ഷാര്‍ജ, ഉത്തമന്‍, തീര്‍ത്ഥാടനം തുടങ്ങിയ ചിത്രങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിച്ച വലിയ വിജയങ്ങള്‍ ആയില്ല.

നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിലെ കഥാപാത്രം അന്നോളം കാണാത്ത ഒരു ശൈലിയില്‍ ജയറാം മികവുറ്റതാക്കി എങ്കിലും തിരക്കഥയിലെ കരുത്തില്ലായ്മ വിജയത്തെ ബാധിച്ചു. ഇതു തന്നെയാണ് വക്കാലത്ത് നാരായണന്‍കുട്ടി എന്ന ചിത്രത്തിനും സംഭവിച്ചത്. റിലീസിങ്ങിലെ കാലതാമസമാണ് ഉത്തമന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് തടസ്സമായത്.

തീര്‍ത്ഥാടനം എന്ന ചിത്രത്തില്‍ എംടിയുടെ കഥാപാത്രത്തെ ജയറാം മികച്ച രീതിയില്‍ അവതരിപ്പിച്ചുവെങ്കിലും സംവിധാനത്തിലും, മേക്കപ്പിലും മറ്റും സംഭവിച്ച ചില പാളിച്ചകള്‍ തിരിച്ചടിയായി. തുടര്‍ന്നുവന്ന വണ്‍ മാന്‍ ഷോ എന്ന ചിത്രം വീണ്ടും വലിയൊരു വിജയം നല്‍കി എങ്കിലും ശേഷമെന്ന ഓഫ് ബീറ്റ് ചിത്രവും മലയാളിമാമന് വണക്കം എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല. ശേഷം എന്ന ചിത്രത്തിലെ ലോനപ്പന്‍ എന്ന കഥാപാത്രം ജയറാമിന്റെ കരിയറിലെ തന്നെ എറ്റവും മികച്ച കഥാപാത്രമായി കണക്കാക്കാം.

തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്തു വന്ന പല കൂട്ടുകെട്ടുകളും പലവിധ കാരണങ്ങളാല്‍ ക്ഷയിച്ചു തുടയതും മിനിമം ഗ്യാരണ്ടി നടന്‍ എന്ന വിശേഷണം നഷ്ടപ്പെടാന്‍ കാരണമായി. തന്റെ കരിയറില്‍ പതിവില്ലാത്ത ഗ്യാപ്പിട്ട് പുറത്തു വന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പുവിനെയും, മനസ്സിനക്കരെ, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളൊക്കെയും വിജയങ്ങളായി. അതിനുശേഷം, 2004 ഡിസംബറില്‍ പുറത്തിറങ്ങിയ അമൃതം എന്ന ചിത്രത്തോടെയാണ് ജയറാമിനെ കരിയര്‍ മറ്റൊരു ദിശയിലേക്ക് വഴുതി മാറുന്നത്. സാമാന്യം നല്ല രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രമായിട്ടും ബോക്‌സോഫീസില്‍ ചിത്രം പരാജയമായി. ചിത്രം റിലീസ് ചെയ്ത രണ്ടാം നാള്‍ വീശിയടിച്ച സുനാമിയില്‍ കേരളം വിറങ്ങലിച്ചു പോയത് അന്ന് തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രങ്ങളുടെ കളക്ഷനെ നല്ല രീതിയില്‍ ബാധിച്ചിരുന്നു. അമൃത ത്തിന്റെ പരാജയത്തിന്റെ ഒരു പ്രധാന കാരണം ഇതായിരുന്നു. തുടര്‍ന്നുവന്ന ഫിംഗര്‍ പ്രിന്റ് എന്ന ചിത്രത്തിനും വളരെ നല്ല ഇനിഷ്യല്‍ ലഭിച്ചുവെങ്കിലും പ്രതികൂല അഭിപ്രായം നേടിയ ചിത്രം പരാജയമായി.

അടുത്തതായി പുറത്തുവന്ന ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ചിത്രവും വിജയം ആകാതെ പോയതോടെ തന്റെ കരിയറില്‍ പതിവില്ലാത്ത ഒരു പ്രതിസന്ധി അദ്ദേഹം നേരിട്ടു. റിലീസിംഗില്‍ കാലതാമസം നേരിട്ട പൗരന്‍, സര്‍ക്കാര്‍ ദാദ തുടങ്ങിയ ചിത്രങ്ങള്‍ കൂടി പരാജയമായതോടെ പ്രതിസന്ധി രൂക്ഷമായി. വലിയൊരു ഇടവേളയ്ക്കു ശേഷം കടന്നു വന്ന ജയറാം രാജസേനന്‍ ചിത്രമായ മധുചന്ദ്രലേഖ, ഈ കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ചിത്രം എന്ന നിലയില്‍ സാമാന്യം നല്ല കളക്ഷന്‍ നേടിയെങ്കിലും അഭിപ്രായത്തിന്റെ കാര്യത്തില്‍ പിന്നില്‍ പോയി.

തുടര്‍ന്നു വന്ന ആനച്ചന്തവും, കനകസിംഹാസനവും, അഞ്ചിലൊരാള്‍ അര്‍ജ്ജുനനും, സൂര്യനും, മാജിക് ലാമ്പും, നോവലും ഒക്കെ കണ്ടത് നിലവാരത്തിലെ വമ്പന്‍ തകര്‍ച്ചയായിരുന്നു.അതു കൊണ്ട് തന്നെ ഈ ചിത്രങ്ങളൊക്കെയും വലിയ പരാജയങ്ങളായി മാറുകയും ചെയ്തു. ഇത്രയും ചിത്രങ്ങളുടെ പരാജയങ്ങളാണ് ജയറാം എന്ന നടനെ പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് അകറ്റിയത്.

മലയാളത്തിലെ ഡിജിറ്റല്‍ യുഗത്തിന് തുടക്കം കുറിച്ചത് ജയറാം നായകനായ മൂന്നാമതൊരാള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ വന്നാല്‍, വൈഡ് റിലീസ് സാധ്യമാകും എന്ന കാരണത്താല്‍ തീയറ്ററുകാരുടെ ഒരു അപ്രഖ്യാപിത വിലക്ക് ഈ ചിത്രത്തിനെതിരേ ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ, കളക്ഷന്‍ പിടിച്ചു കയറാനുള്ള സമയം പോലും ലഭിക്കും മുന്‍പേ ഈ ചിത്രം തീയറ്ററുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പ്രതിസന്ധി കാലത്തെ ചിത്രങ്ങളൊന്ന് പരിശോധിച്ചാല്‍ അവയിലൊന്നും സത്യന്‍ അന്തിക്കാടിന്റെയോ, കമലിന്റെയോ, രഞ്ജിത്തിന്റെയോ, വിജി തമ്പിയുടേയോ ശ്രീനിവാസന്റെയോ, ലോഹിതദാസിന്റെയോ ഒന്നും ഒരു ചിത്രം പോലും കാണാനാവില്ല. ഇതു തന്നെയായിരുന്നു യഥാര്‍ത്ഥ പ്രതിസന്ധി.

ഈ പ്രതിസന്ധികള്‍ക്കെല്ലാം ഒടുവില്‍, 2008 ഓഗസ്റ്റ് മാസം എട്ടാം തീയതി വെറുതേ ഒരു ഭാര്യ റിലീസായി... ജയറാമിന്റെ ഒരു നല്ല കുടുംബചിത്രത്തിനു വേണ്ടി കാത്തിരുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജയിച്ചു നിന്ന കാലത്ത് നിരന്തരം സിനിമകള്‍ ചെയ്ത കൂട്ടുകെട്ടുകള്‍, ഒരു വീഴ്ച വന്നപ്പോള്‍ മാറി നിന്നിട്ടും ജയറാം തിരിച്ചു വന്നു; അവരുടെയൊന്നും സഹായമില്ലാതെ.
കേരളത്തിലെ തീയറ്ററുകളില്‍ നൂറ്റി അന്‍പതു ദിവസം പ്രദര്‍ശിപ്പിച്ചു വെറുതേ ഒരു ഭാര്യ. വിജയങ്ങള്‍ വീണ്ടും ജയറാമിന്റെ വഴിക്കു വരാന്‍ തുടങ്ങി.

കാലങ്ങള്‍ക്കു ശേഷം വന്ന സത്യന്‍- ജയറാം ചിത്രമായ ഭാഗ്യദേവത മികച്ച വിജയം നേടി. എങ്കിലും, വൈകി വന്ന ചില ചിത്രങ്ങളുടെയൊക്കെ പരാജയം ചെറിയ തിരിച്ചടിയായി. വിന്ററൊക്കെ നല്ല പടമായിരുന്നെങ്കിലും, റിലീസിങ്ങിലെ കാലതാമസവും, പബ്ലിസിറ്റിയുടെ അഭാവവും മൂലം പരാജയമായി. തുടര്‍ന്നു വന്ന രഹസ്യ പോലീസും, സീതാ കല്യാണവും, മൈ ബിഗ് ഫാദറും എല്ലാം, വീണ്ടും നിലവാരത്തകര്‍ച്ചയുടെ ഉദാഹരണങ്ങളായി. ഇടയ്ക്കു വന്ന കാണാകണ്‍മണിയും സമ്മിശ്ര പ്രതികരണമാണ് ഉണര്‍ത്തിയത്.

എന്നാല്‍, ഹാപ്പി ഹസ്ബന്റ്‌സ് കഥ തുടരുന്നു, മേക്കപ്പ്മാന്‍, സീനിയേര്‍സ്, സ്വപ്ന സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയങ്ങള്‍ തുടരാന്‍ ജയറാമിനു സാധിച്ചു. എന്നാല്‍ പിന്നീട് ഇന്നോളം വന്ന ചിത്രങ്ങളില്‍ നോട്ടബിള്‍ എന്നു പറയാവുന്നത് നടനും ബാഗ്മതിയും പഞ്ചവര്‍ണ്ണ തത്തയും മാത്രമാണ്. കണ്ണന്‍ താമരക്കുളം എന്ന സംവിധായകനോടൊത്ത് പുറത്തിറക്കിയ ആടുപുലിയാട്ടം, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വാണിജ്യ വിജയം നേടിയെടുക്കാനും ജയറാമിനായി.

ജയറാം എന്ന നടന്റെ കരിയറില്‍ ഏറ്റവും നിര്‍ണ്ണായകമായി മാറിയ ഘടകങ്ങള്‍ താഴെ പറയുന്നവയാണ്

1. ഭരതന്‍, പത്മരാജന്‍, ലോഹിതദാസ്, തുടങ്ങിയ കലാകാരന്‍മാരുടെ വിയോഗമാണ്

2. സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, വിജി തമ്പി, രഞ്ജിത്ത് തുടങ്ങിയവര്‍ തങ്ങളുടെ ശൈലി മാറ്റിയതും ചിത്രങ്ങളുടെ എണ്ണം കുറച്ചതും.(അതിന്റെ വ്യത്യാസം അവരുടെയൊക്കെ കരിയര്‍ ഗ്രാഫിലും കാണാം )

3. രണ്ടാം വരവ്, ഇവര്‍, തീര്‍ത്ഥാടനം, രഹസ്യ പോലീസ്, സ്വപാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ തട്ടകം ഒന്നു മാറാന്‍ ശ്രമിച്ചത്: അത്തരം ശ്രമങ്ങളില്‍ തെറ്റൊന്നുമില്ല.. പക്ഷേ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ ശക്തമായ കഥയും തിരക്കഥയും ബാനറും ഒക്കെ തീര്‍ച്ചയായും ഉറപ്പുവരുത്തണം.

4. രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞത്: ഈ കൂട്ടുകെട്ട് പിരിഞ്ഞത് രണ്ടു കൂട്ടരേയും ഒരു പോലെ ബാധിച്ചിരുന്നു.രാജസേനന്റെ തുടര്‍ന്നുള്ള ചിത്രങ്ങളുടെയൊക്കെ നിലവാരം കുത്തനെ ഇടിഞ്ഞു പോയതായും കാണാം.

5.ജയറാം ചെയ്തു വന്നിരുന്ന കഥാപാത്രങ്ങള്‍ ദിലീപ്, ബിജു മേനോന്‍, ജയസൂര്യ തുടങ്ങിയ നടന്മാര്‍ കൈയ്യാളാന്‍ തുടങ്ങിതും മറ്റൊരു കാരണമായി.

6. പുതിയ തലമുറയിലെ സംവിധായകരുമായി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നതും കരിയര്‍ വിജയകരമായി മുന്നോട്ടു കൊണ്ടു പോകുവാന്‍ തടസ്സമായി. പത്മരാജന്റെ ശിഷ്യനായ ബ്ലെസിയും, രഞ്ജിത്തിന്റെ ശിഷ്യനായ അന്‍വര്‍ റഷീദും, കമലിന്റെ ശിഷ്യനായ ആഷിക് അബുവും, റോഷന്‍ ആന്‍ഡ്രൂസുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഇവരുടെ ചിത്രങ്ങളിലൊക്കെ ചേര്‍ത്തു വയ്ക്കാന്‍ പറ്റുന്ന അഭിനയശൈലി തന്നെയാണ് ജയറാം എന്ന നടനുള്ളത്.

5.കുടുംബ ജീവിതങ്ങളിലെ പ്രതിസന്ധികളൊക്കെ ഇന്നും ജനങ്ങള്‍ക്കിടയിലുണ്ട്... അത്തരം വിഷയങ്ങളൊക്കെ ഇന്നും സിനിമകളാവുന്നുമുണ്ട്... (അനുരാഗ കരിക്കിന്‍ വെള്ളമൊക്കെ മികച്ച ഉദാഹരണമാണ്). അതുപേലെ ഉള്ള വിഷയങ്ങള്‍ ജയറാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

6. കുടുംബ നായകന്‍ എന്ന ലേബലിലാണ് ജയറാം അധികവും അറിയപ്പെട്ടിരുന്നതെങ്കിലും നെഗറ്റീവ് ' ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവു തന്നെ ജയറാമിനുണ്ട്. ആദ്യ ചിത്രമായ അപരനില്‍ തുടങ്ങി തെനാലി, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, സരോജ എന്നീ ചിത്രങ്ങളിലെല്ലാം ജയറാം ഗംഭീര പ്രകടനമായിരുന്നു. വെറുതേ ഒരു ഭാര്യ, നടന്‍ തുടങ്ങിയ ചിത്രങ്ങളിലെ കുറേ ഭാഗങ്ങളിലൊക്കെ ഈ നെഗറ്റീവ് ഷെയ്ഡ് കാണാം.. അപ്പൊഴൊക്കെയും ഈ അനായാസതയും കൃത്യമായി കാണുവാന്‍ കഴിയും...

സത്യത്തില്‍ ജയറാം എന്ന നടന്റെ ജനപ്രിയതയ്ക്ക് യാതൊരിടിവും സംഭവിച്ചിട്ടില്ല... വീട്ടിലെ സ്വീകരണമുറിയില്‍ മഴവില്‍ കാവടിയും,സന്ദേശവും, കാരുണ്യവും, അപ്പൂട്ടനും, മുഖചിത്രവും, നന്മനിറഞ്ഞവന്‍ ശ്രീനിവാസനും, പെരുവണ്ണാപുരവുമൊക്കെ തെളിഞ്ഞു നില്‍ക്കും കാലത്തോളം ജയറാമിന്റെ ജനപ്രീതി കുറയില്ല.. അതേ നിലവാരത്തിലുള്ള ഒരു ചിത്രം വരുന്നതു വരെയുള്ളൂ ഈ പ്രതിസന്ധി.സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും, രഞ്ജിത്തുമൊക്കെ ഇവിടെ തന്നെയുണ്ടല്ലോ. ജയറാം എന്ന നടനുള്ള ജനപ്രീതിയുടെ ഏറ്റവും പുതിയ ഉദാഹരണം തന്നെയായിരുന്നല്ലോ പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രം നേടിയ വലിയ വിജയം.

മമ്മൂട്ടിക്കും, മോഹന്‍ലാലിനും ശേഷം മലയാളത്തില്‍ ഏറ്റവുമധികം കാലം ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ഈ ജനകീയ നടന്‍ ഇന്ന് വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്... തന്റെ പ്രൗഡിക്കൊത്ത കഥാപാത്രങ്ങളുമായി തുടര്‍ന്നും അദ്ദേഹം വരുന്നതിനായി പ്രേക്ഷകരായ നമുക്ക് കാത്തിരിക്കാം....

Content Highlights: jayaram actor movies ups and downs cinema malayalam padmarajan rajasenan sathyan athikkad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented