മിന്നൽ മുരളി എന്ന സിനിമയ്ക്കായി ആലുവയിൽ ഒരുക്കിയ സെറ്റ് ഒരു കൂട്ടം ആളുകൾ ചേർന്ന് നശിപ്പിച്ചതിൽ പ്രതിഷേധം ഉയരുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സിനായി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാഷ്ട്രീയ ബജ്റം​ഗ് ദൾ പ്രവർത്തകർ നശിപ്പിച്ചത്. ദൗർഭാ​ഗ്യകരമായ ഈ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി പ്രതിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് സിനിമാ പ്രവർത്തകർ.

സാമൂഹ്യ ദ്രോഹികൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്ന് അഭ്യർഥിക്കുകയാണ് സംവിധായകൻ ജയരാജ്. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് മാക്ട ചെയർമാൻ കൂടിയായ ജയരാജിന്റെ പ്രതികരണം.

ജയരാജിന്റെ ഫെയ്സ്ബുക്ക്  പോസ്റ്റ് വായിക്കാം

ടോവിനോ തോമസിനെ നായകനാക്കി സോഫിയ പോൾ നിർമിച്ചു് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ചിത്രമാണ് 'മിന്നൽ മുരളി'. കാലടി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി പൂർത്തിയാക്കിയ സെറ്റ് ചില സാമൂഹിക ദ്രോഹികൾ യാതൊരു കാരണവുമില്ലാതെ പൊളിച്ചുകളഞ്ഞിരിക്കുകയാണ്. ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. മലയാള സിനിമ പ്രവർത്തകർ ഒറ്റക്കെട്ടായിനിന്ന് ഇത്തരം ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

കേരളത്തിൽ നിലനിൽക്കുന്ന മതസൗഹൃർദ്ദ അന്തരീക്ഷം തകർക്കുന്ന വർഗ്ഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരേ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കണമെന്ന് ജയരാജ് ഫെയ്സ്ബുക്ക് ലെെവിൽ കൂട്ടിച്ചേർത്തു.

Content Highlights: Jayaraj Film Director condemn Minnal Murali Movie set attack