മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജയരാജ്. ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. കളിയാട്ടം, ദേശാടനം കരുണം, ശാന്തം, ഒറ്റാല്‍, ഭയാനകം തുടങ്ങിയ ചിത്രങ്ങള്‍ ജയരാജിന്റെ കരിയറിലെ പൊന്‍തൂവലാണ്. മമ്മൂട്ടി, സുരേഷ്‌ഗോപി തുടങ്ങി മുന്‍നിര  താരങ്ങളെ വച്ചെല്ലാം സിനിമകള്‍ ചെയ്തിട്ടുള്ള ജയരാജ് പക്ഷെ മോഹന്‍ലാലുമായി  ഇതേ വരെ ഒരു ചിത്രം ചെയ്യുകയുണ്ടായില്ല. മലയാളത്തിന് ഒരു മികച്ച സിനിമ സമ്മാനിച്ചേക്കാവുന്ന ഈ കൂട്ട് കെട്ട് നടക്കാതെ പോയതിന്റെ കാരണം തന്റെ തെറ്റാണെന്നും ഇനി അങ്ങനെയൊന്നും സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും തുറന്നു പറയുകയാണ് ജയരാജ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജിന്റെ ഈ വെളിപ്പെടുത്തല്‍.   

ജയരാജിന്റെ വാക്കുകള്‍

ഞങ്ങള്‍ തമ്മിലുള്ള ഒരു കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഏറ്റവും മികച്ച സിനിമ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്.. കാരണം, ഞാന്‍ ദേശാടനം കഴിഞ്ഞ ശേഷമാണ് മോഹന്‍ലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്ത് ഇങ്ങോട്ട് വരുന്നത്. ഈ സമയത്ത് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒന്നാണ് മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമ. അതില്‍ മോഹന്‍ലാല്‍ അഭിനയിക്കേണ്ടതാണ്. അതിനുള്ള കോസ്റ്റ്യൂം വരെ വാങ്ങിയതാണ്. പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്തതാണ്. പക്ഷെ എന്റെ ഒരു തെറ്റ് കൊണ്ട് എന്റെ ജീവിതത്തിലുണ്ടായ പ്രത്യേകമായ ഒരു സാഹചര്യത്തില്‍ അത് ചെയ്യാന്‍ സാധിച്ചില്ല. അതൊരു പക്ഷെ അദ്ദേഹത്തിന് മനസ്സില്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ടാകാം. പിന്നീട് പലപ്പോഴും ഞാന്‍ അപ്രോച്ച് ചെയ്ത പല തിരക്കഥയും അദ്ദേഹം സ്വീകരിച്ചില്ല. 

കുഞ്ഞാലി മരയ്ക്കാറിന്റെ തിരക്കഥ അദ്ദേഹത്തിന് നല്‍കിയിരുന്നു. അത് ഏതാണ്ട് മൂന്ന് വര്‍ഷത്തോളം അദ്ദേഹം കയ്യില്‍ വച്ചു. തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല. പിന്നെ വീരത്തിന്റെ ഫുള്‍ ഇല്ലസ്‌ട്രേഷന്‍ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം അത് നോക്കിയിട്ട് ഒന്ന് ചിരിച്ചു. ഇതൊക്കെ പ്രാക്ടിക്കലാകുമോ എന്ന് ചോദിച്ചു. അതിനും കുറെ മുന്‍പ് പലപ്പോഴും ഞാന്‍ അപ്പ്രോച്ച് ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം വളരെ ലാഘവത്തോടെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരുന്നത്. 

എന്റെ അന്നത്തെ ആ തെറ്റ് തന്നെയാകും ഇതിന് കാരണം. എന്താന്ന് വച്ചാല്‍ എല്ലാം തീരുമാനിച്ചിട്ട് കോസ്റ്റ്യൂമും ഷൂട്ടിങ് ലൊക്കേഷനും വരെ തീരുമാനിച്ച് ഷൂട്ടിങ്ങിന് ഇറങ്ങി പുറപ്പെട്ടിട്ട് അതില്‍ നിന്നും ഞാന്‍  പിന്മാറുന്ന സാഹചര്യം അതൊരു പക്ഷെ അദ്ദേഹത്തിനെ വിഷമിപ്പിച്ചിട്ടുണ്ടാകാം. കാരണം അന്ന് അദ്ദേഹം കുടുംബവുമായി സൗത്ത് ആഫ്രിക്കയിലോ മറ്റോ ആയിരുന്നു. ഷൂട്ടിങ്ങിനായി അത് ക്യാന്‍സല്‍ ചെയ്ത് അദ്ദേഹം മാത്രം മടങ്ങി വരികയായിരുന്നു. ഇവിടെ വരുമ്പോഴാണ് ഈ സിനിമ  നടക്കില്ലെന്ന കാര്യം അറിയുന്നത്.

അന്നദ്ദേഹം എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ. എന്നോടൊന്ന് നേരത്തെ പറയാമായിരുന്നില്ലേ എന്ന്. അത് എന്റെ ഭാഗത്തു നിന്നും വന്ന തെറ്റാണ് അത് ഒരുപക്ഷെ അദ്ദേഹം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാകാം. അതുകൊണ്ടാകാം ഒരുമിച്ചൊരു സിനിമ നടക്കാതെ പോകുന്നത്. പക്ഷെ അതുകൊണ്ടു സംഭവിക്കുന്നത് മലയാളത്തിലെ ഒരു മികച്ച സിനിമ നഷ്ടപ്പെടുന്നു എന്നതാണ്. അദ്ദേഹം എന്നെങ്കിലും തയ്യാറാവുകയാണെങ്കില്‍ ഞാനും തയ്യാറാണ്. കാരണം അത് മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ മികച്ച സിനിമ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ജയരാജ് പറഞ്ഞു. 

 

jayaraj about mohanlal kunjali maraikkar jayaraj director malayalam cinema mohanlal