എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിനെ അടക്കി ഭരിച്ചിരുന്ന നായികമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ ഇരവരും തമ്മിൽ സിനിമയ്ക്ക് പുറത്ത് സൗഹൃദമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ജയപ്രദ തന്നെയാണ് തങ്ങൾക്കിടയിലുണ്ടായിരുന്ന ശത്രുതയെക്കുറിച്ച്  കുറിച്ച് തുറന്ന് പറഞ്ഞത്. ഇന്ത്യൻ ഐഡൽ 12 ന്റെ വേദിയിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. 

ബോളിവുഡിലെ മുൻനിര നായികമാർ ആയത് കൊണ്ട് തന്നെ മികച്ച വേഷങ്ങൾക്ക് വേണ്ടി രണ്ടുപേരും തമ്മിൽ കടുത്ത മത്സരങ്ങൾ ആയിരുന്നു. എട്ടോളം ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും പരസ്പരം കണ്ടാൽ പോലും ഇരവരും സംസാരിച്ചിരുന്നില്ല.

മക്‌സാദ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിൽ ആണ് ഇരുവരുടെയും ശത്രുതയെക്കുറിച്ച് പുറംലോകം അറിയുന്നത്. രാജേഷ് ഖന്നയും ജിതേന്ദ്രയും ആണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്. ശത്രുത മറന്ന് പരസ്പരം മനസ് തുറന്ന് സംസാരിക്കാൻ വേണ്ടി ഇരുവരെയും ഒരു മുറിയിൽ രാജേഷ് ഖന്നയും ജിതേന്ദ്രയും പൂട്ടിയിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് ജയപ്രദ.

"ഞങ്ങൾ തമ്മിൽ വ്യക്തിപരമായ വൈരാ​ഗ്യം ഉണ്ടായിരുന്നില്ല, പക്ഷേ പക്ഷേ ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അത് യോജിച്ച് പോകുന്നില്ലായിരുന്നു. സ്ക്രീനിൽ ഉത്തമ സഹോദരിമാരായി അഭിനയിച്ചു കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് പോലും ഞങ്ങൾ അടുക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങൾ പരസ്പരം മത്സരിച്ചു, അത് വസ്ത്രത്തിന്റെ പേരിലാവട്ടെ, നൃത്തത്തിന്റെ പേരിലാവട്ടെ. ഞങ്ങൾ കണ്ടുമുട്ടുന്ന ഓരോ തവണയും, സംവിധായകരോ അഭിനേതാക്കളോ ഞങ്ങളെ സെറ്റിൽ പരിചയപ്പെടുത്തുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുകയും മുന്നോട്ട് പോകുകയും ചെയ്തിരുന്നു.

ഞാനിപ്പോഴും ഓർക്കുന്നു, മസ്കാദ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയം, ജീത്തു ജീയും രാജേഷ് ഖന്ന ജീയും ഞങ്ങളെ ഒരു മണിക്കൂർ മേയ്ക്കപ്പ് റൂമിൽ പൂട്ടിയിട്ടു. ഒന്നിച്ച് കുറേ സമയം ഇരുന്നാൽ ഞങ്ങൾ പരസ്പരം മനസ് തുറന്ന് സംസാരിക്കുമെന്ന് അവർ കരുതിക്കണും. പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ ഉരിയാടിയില്ല. അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു പിൻവാങ്ങി. 

ശ്രീദേവി നമ്മളെ വിട്ട് പോയെന്ന് അറിഞ്ഞത് എന്നെ ഇപ്പോഴും അസ്വസ്ഥയാക്കുന്നു, എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നു അവളെ വല്ലാതെ മിസ് ചെയ്യുന്നു. എവിടെയെങ്കിലും ഇരുന്ന് അവൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ പരസ്പരം സംസാരിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നുവെന്നേ എനിക്ക് പറയാനുള്ളൂ .." ജയപ്രദ പറയുന്നു

content highlights  : jayaprada about relationship with late actor sridevi says they never had any connect with each other in real life