ആരാധനയുടെ ആഴമറിഞ്ഞ നാളുകൾ ഓർമിച്ച് ഫോട്ടോഗ്രാഫർ

കൊല്ലം: ചൊവ്വാഴ്ച അനശ്വരനടൻ ജയന്റെ 41-ാം ചരമവാർഷികദിനം. 1980 നവംബർ 16-ന് ചെന്നൈ ഷോളവാരത്തെ എയർസ്ട്രിപ്പിൽ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പൊലിഞ്ഞ സാഹസികജീവിതം.

“വാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ തോന്നിയില്ല. സംസ്കാരത്തിനായി ജന്മനാടായ കൊല്ലത്തെത്തിയപ്പോൾ കണ്ട ആരാധനയുടെ ആഴം ഒരിക്കലും മറക്കാനും കഴിയില്ല. ഒരു പക്ഷേ, ഒരു താരത്തിനും ഇത്രയും സ്നേഹാരാധനകൾ കിട്ടിക്കാണില്ല”-ഹൈസ്കൂൾ ജങ്‌ഷനിലെ ഫോട്ടോലാൻഡ്‌ സ്റ്റുഡിയോയിൽ അന്ന് അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായ രമേഷ് കുമാർ ഇന്നും ആ ദിനം ഓർക്കുന്നു.

ജി.സുരേന്ദ്രൻ നായരുടെ സ്റ്റുഡിയോ ആണത്. ജയന്റെ കുടുംബവുമായി അടുത്ത സൗഹൃദം. താരമാകുന്നതിനു മുൻപുതന്നെ കൃഷ്ണൻ നായർ എന്ന ജയൻ അവിടെ പടമെടുക്കാൻ വരുമായിരുന്നു. താരമായശേഷം ചില സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സുരേന്ദ്രൻ നായർ അണ്ണൻ പോയി. സഹായിയായി ഞാനും.

Ramesh
രമേഷ്‌കുമാർ

ജയന്റെ വിലാപയാത്ര കൊല്ലം പബ്ളിക് ലൈബ്രറിയിൽ എത്തിയപ്പോഴും സങ്കടം കടിച്ചമർത്തി അണ്ണൻ ഫോട്ടോയെടുത്തു. പത്രങ്ങൾക്കുവേണ്ടിയായിരുന്നു പോയത്. അണ്ണൻ ആദ്യം എടുത്ത മുഖംവ്യക്തമാകുന്ന പടം പ്രിന്റെടുത്ത് സ്റ്റുഡിയോയുടെ മുന്നിലും വെച്ചു. ജയനെ അവസാനമായി ഒരുനോക്കുകാണാൻ വന്നവർ അവിടെ റീത്ത് വെക്കാൻ പറ്റാതെ സ്റ്റുഡിയോയ്ക്ക് മുന്നിലുള്ള ഫോട്ടോയ്ക്കുസമീപം റീത്തുവെച്ചു.

ജനം സ്റ്റുഡിയോ തകർക്കുമോ എന്നുവരെ തോന്നിപ്പോയി. അതിന്റെ പ്രിന്റിന് അന്ന് വൻ ഡിമാന്റായിരുന്നു.

അതുപോലെ മുളങ്കാടകം ശ്മശാനത്തിലെ ചിതയെരിഞ്ഞു തീർന്നപ്പോഴേക്കും അവിടത്തെ മണ്ണ് വാരിക്കൊണ്ടുപോയി. പിന്നെയും കുറേ ദിവസത്തേക്ക് ജയന്റെ വീട് കാണാൻ ആരാധകർ വന്നു. ആ വീടിനുമുന്നിൽനിന്ന് ഫോട്ടോ എടുക്കണം അവർക്ക്. ജയന്റെ വീടിനടുത്തുള്ള തെങ്ങിൽ ചാരിനിന്ന് ഫോട്ടോ എടുക്കണം. ജയൻ നട്ട തെങ്ങ് എന്നരീതിയിൽ എത്ര ഫോട്ടോയാണ് പലരും എടുത്തത്. സ്ത്രീകളായിരുന്നു കൂടുതലും. അണ്ണൻ ഇതിനെല്ലാം എന്നെയായിരുന്നു നിയോഗിച്ചത്. അന്നാണ് ഒരു സിനിമാനടൻ ജനമനസ്സിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനത്തിന്റെ ആഴം ശരിക്കും ഞാനറിയുന്നത്-രമേഷ്‌ പറഞ്ഞു.

ജയൻ അമേരിക്കയിൽ, ജയന്റെ മരണം കൊലപാതകമോ തുടങ്ങിയ പുസ്തകങ്ങൾ ചൂടപ്പംപോലെയാണ് വിറ്റുപോയത്. ജയനെ വീരപുരുഷനാക്കി ഒട്ടേറെ ചിത്രകഥകളും ഇറങ്ങിയിരുന്നു. ജയൻ താമസിച്ചിരുന്ന തേവള്ളി ഓലയിലെ വീട് ഇപ്പോൾ പൊളിച്ചുമാറ്റി. അതിനടുത്ത് ഒരു പൂർണകായ പ്രതിമയുണ്ട്. പിന്നെ ജില്ലാപഞ്ചായത്ത് ഹാളിന് ജയന്റെ പേരിട്ടു. ഒരു പക്ഷേ, കേരളത്തിൽ ഈ നടനുള്ള ഏക സ്മാരകം ഇത്രമാത്രം. എന്നാൽ ജനമനസ്സിൽ എന്നും ജ്വലിച്ചുനിൽക്കുന്ന ഓർമകൾ, അതാണ് അദ്ദേഹത്തിനുള്ള നിത്യസ്മാരകവും.

Content Highlights : Jayan Death Anniversary memories