നശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തം രൂക്ഷമാകുന്നു. നേരത്തേ സീരിയല്‍ നടി ഉമാ നായര്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ജയന്റെ സഹോദരന്റെ മക്കളായ ആദിത്യനും  ലക്ഷ്മിയും രംഗത്ത് വന്നു. നേരത്തേ തന്നെ ജയന്റെ മകനാണെന്ന അവകാശവാദവുമായി മുരളി ജയന്‍ എന്ന യുവാവ് രംഗത്ത് വന്നിരുന്നു. വിവാദങ്ങള്‍ ശക്തമാകവെ മുരളി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. 

മുരളി ജയന്‍ പറയുന്നതിങ്ങനെ

ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ കോടതിയില്‍ കയറ്റുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്. പറ്റുമെങ്കില്‍ എനിക്കെതിരെ കേസെടുത്ത് കോടതിയില്‍ കയറ്റൂ. കേരളത്തില്‍ ഞാനല്ലാതെ മറ്റൊരാളും ജയന്റെ മകനാണെന്ന് പറഞ്ഞ് എവിടെയും കയറി ചെന്നിട്ടില്ല. എന്റെ യഥാര്‍ത്ഥ പേര് മുരളീധരന്‍ എന്നാണ്. ആ പേര് മാറ്റി മുരളി ജയന്‍ എന്നാക്കിയത് കേരളത്തിലെ പ്രശസ്ത നാടക കമ്പനിയായ കെ.പി.എ.സി ആണ്. 

ഇനി ഒരു കഥ പറയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളി ഒരു പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മ, അതായത് എന്റെ അമ്മ  ഭാരതിയമ്മയെ കാണുമ്പോള്‍ സംസാരിക്കുമായിരുന്നു. ഒരിക്കല്‍ അമ്മ ജോലിക്ക് പോകുന്നവഴി ഭാരതിയമ്മയെ കാണാന്‍ വീട്ടിലേക്ക് ചെന്നു. അപ്പോള്‍ അവിടെ ഒരു ആണ്‍കുട്ടി അതായത് സോമന്‍ നായര്‍ എന്ന ഒരു കുട്ടി അടുപ്പില്‍ കലം വച്ച് തീ കത്തിക്കുന്നു. അപ്പോള്‍ എന്റെ അമ്മ അടുപ്പില്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ആ കലത്തില്‍ ഒരു തരി അരി പോലും ഇല്ല. ആ സമയത്ത് ഭാരതിയമ്മ വന്നു. എന്റെ അമ്മ ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ഭാരതിയമ്മ പറഞ്ഞു, ഞങ്ങള്‍ അനാഥരാണ്. മൂത്തമകന്‍ നേവിയിലാണ്. അവന് പണമൊന്നും കിട്ടി തുടങ്ങിയിട്ടില്ല എന്ന്. അപ്പോള്‍ തന്നെ എന്റെ അമ്മ കടയില്‍ പോയി ഒരു മാസത്തേക്ക് വേണ്ട പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്നിട്ട് അവരെ ആശ്വസിപ്പിച്ചു. എന്ത് സഹായവും ചെയ്യാന്‍ അമ്മ തയ്യാറാണെന്ന് പറഞ്ഞു. 

അങ്ങനെ നേവിയില്‍ ജോലിയുള്ള കൃഷ്ണന്‍ നായര്‍ വന്നപ്പോള്‍ അമ്മയെ കാണാന്‍ വന്നു. അദ്ദേഹം മുന്‍കൈയെടുത്താണ് വിവാഹം നടക്കുന്നത്. അതില്‍ ജനിച്ച മകനാണ് ഞാന്‍. ഭാരതിയമ്മ എന്റെ ജാതകം എഴുതിച്ചു. ജാതകത്തില്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഈ കുട്ടിയുടെ അച്ഛന്‍ ഉയരങ്ങളിലേക്കെത്തും. പക്ഷേ, ഈ കുഞ്ഞ അച്ഛന്റെ എളിക്കൊപ്പം വളരുമ്പോള്‍ അദ്ദേഹം മരിക്കുമെന്ന്. അത് കേട്ടപ്പോള്‍ ഭാരതിയമ്മയ്ക്കും സോമന്‍ നായര്‍ക്കും വിഷമമായി. അച്ഛന്‍ പക്ഷേ അതൊന്നും കാര്യമാക്കിയില്ല. സിനിമയിലെത്തി. ഈ കേരളത്തിലെ ജനങ്ങള്‍ സൂപ്പര്‍ സ്റ്റാറായി. അച്ഛന്‍ പണക്കാരനായപ്പോള്‍ അതുവരെ ഇല്ലാത്ത ബന്ധുക്കള്‍ വന്നു. പിന്നെ ഞാനും അമ്മയും അധികപ്പറ്റായി. എന്നെയും അമ്മയെയും ബന്ധുക്കള്‍ ചേര്‍ന്ന് ഒഴിവാക്കി. അമ്മയുടെ സഹോദരന്‍ ഞങ്ങള്‍ക്ക് അഭയം തന്നു. 

കാര്യങ്ങള്‍ എല്ലാം അറിഞ്ഞ എന്റെ അച്ഛന്‍ അവിടേക്ക് വന്നു. എന്നിട്ടു പറഞ്ഞു 'ഇതിനുത്തരവാദി ഞാനാണ്. ഇവരെ ഞാന്‍ നോക്കിക്കോളാം. ഇതെന്റെ ഭാര്യയും മകനുമാണെന്ന്'. പക്ഷേ അമ്മ പോയില്ല. ഒരിക്കല്‍ അച്ഛന്റെ  വീട്ടില്‍ ഒരു കല്യാണ പന്തല്‍ ഉയര്‍ന്നു. അച്ഛന്‍ അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു ഇനി മറ്റൊരു കല്യാണം കഴിക്കില്ലെന്ന്. അമ്മ എന്നെയും കൂട്ടി ആ വീടിന് മുന്‍പില്‍ സത്യാഗ്രഹം ഇരുന്നു.  അപ്പോള്‍ അച്ഛന്‍ വന്നു. എന്നിട്ടു പറഞ്ഞു, 'തങ്കമ്മാ ഇത് എന്റെ കല്യാണമല്ല. എന്റെ അനുജന്റെ കല്യണമാണ്' എന്ന്. അമ്മ വിശ്വസിച്ചില്ല. ആളുകള്‍ ഓടിക്കൂടി. അവസാനം പ്രശ്‌നം കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി. അച്ഛന്‍ സ്‌റ്റേഷനിലെത്തി ഇങ്ങനെ എഴുതി വച്ചു. ഇതെന്റെ ഭാര്യയും മകനുമാണ് ഞാന്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്ന്. പക്ഷേ അച്ഛന്റെ ബന്ധുക്കളെ ഭയന്ന് അമ്മ പോയില്ല. ഞാനും അമ്മയും വാടക വീട്ടിലായി. പലപ്പോഴും വാടക കൊടുക്കാന്‍ കഴിയാതെ ഞാനും അമ്മയും കടത്തിണ്ണയിലാണ് കിടന്നിരുന്നത്. ഒരിക്കല്‍ അവിടെ ഒരു സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ അമ്മ ദൂരെ നിന്ന് എനിക്ക് അച്ഛനെ കാണിച്ചു തന്നു. 

എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ ജാതകത്തില്‍ പറഞ്ഞപ്പോലെ അച്ഛന്‍ മരിച്ചു. അച്ഛനെ അടക്കിയ സ്ഥലത്ത് ഞാനും അമ്മയും ഒരുമിച്ച് പോയി. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മൂമ്മ മരിച്ചു. അമ്മൂമ്മയെ കാണാന്‍ പോലും അവര്‍ ഞങ്ങളെ സമ്മതിച്ചില്ല. 

കുറേ കാലങ്ങള്‍ക്ക് ശേഷം ശ്രീദേവി അമ്മയെയും ആദിത്യനെയും ലക്ഷ്മിയെയും കണ്ടു. എന്നെ കണ്ടപ്പോള്‍ ശ്രീദേവിയമ്മ വീട്ടിലേക്ക് വിളിച്ചു. പക്ഷേ പിറ്റേ ദിവസം ഞാന്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ ദേഷ്യത്തോടെ സംസാരിച്ചു. നിറകണ്ണുകളോടെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. 

ഈ കഥയില്‍ ഒരു നായിക ഉണ്ട്. അത് എന്റെ അമ്മയാണ്. അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു. എനിക്ക് അച്ഛന്റെ ഒന്നും വേണ്ട. ഒന്നും ആഗ്രഹിക്കുന്നില്ല. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ആദിത്ത്യന്റെ ഭീഷണി. ഞാന്‍ കൊല്ലം സ്റ്റേഷനില്‍ പരാതി നല്‍കി. കാര്യം ഒന്നും ഉണ്ടായില്ല. 

അദ്ദേഹം മരിച്ചിട്ട് 37 വര്‍ഷമായി. ഇന്നും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. ഈ പരിപാടികളിലൊന്നും എന്റെ ബന്ധുക്കളെ കണ്ടിട്ടില്ല. 

Content Highlights: Jayan controversy, Young man Murali Jayan claims jayan is his father Actor Adithyan Uma Nair