നശ്വര നടന്‍ ജയന്റെ എഴുപത്തിയൊമ്പതാം ജന്മദിനമാണ് ജൂലൈ ഇരുപത്തിയഞ്ച്.. മലയാള മനസുകളില്‍ പൗരുഷത്തിന്റെ പ്രതീകമായി പകരം വയ്ക്കാന്‍ ഒരു അപരനില്ലാതെ ജയന്‍ ഇന്നുമുണ്ട്. ജയനൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടന്‍ മധു പഴയ സഹപ്രവര്‍ത്തകനെ, സുഹൃത്തിനെ ഓര്‍ത്തെടുക്കുന്നു.

ജയനെ ഓര്‍ക്കുമ്പോള്‍ കൗതുകവും ആവേശവും വേദനയും എന്നിലൂടെ കടന്നുപോകുന്നു. ഹരിപോത്തനാണ് ജയനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അന്ന് ജയന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കൊല്ലത്തുകാരനാണെന്നും യഥാര്‍ഥ പേര് കൃഷ്ണന്‍ നായരാണെന്നും നേവിയിലെ ജോലി രാജിവെച്ച ശേഷമാണ് സിനിമയില്‍ അ ഭിനയിക്കാന്‍ എത്തിയതെന്നുമുള്ള ചില വര്‍ത്തമാനങ്ങള്‍ ആദ്യ പരിചയപ്പെടലില്‍ ജയനില്‍ നിന്നുണ്ടായി. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജയനിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആ സ്വഭാവ വിശേഷത ജയന്‍ മരണംവരെ കാത്തുസൂക്ഷിച്ചിരുന്നു. ഏവരോടും ഒരു കലാകാരനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണവും അതുതന്നെയാണ്.

ഞാനിന്നും ഓര്‍ക്കുന്നു. എന്റെ ഉമാ സ്റ്റുഡിയോയില്‍ ആദ്യമായി നിര്‍മ്മിച്ച 'അസ്തമയം' എന്ന സിനിമയുടെ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ഒരു വേഷം തരണമെന്ന് പറഞ്ഞ് ജയനെന്നെ കാണാന്‍ വന്നത്. അത് ചാന്‍സ് ചോദിച്ചുള്ള വരവായിരുന്നില്ല. അന്ന് ജയന് കൈ നിറയെ ചിത്രങ്ങളുണ്ട്. എന്നിട്ടും എന്നെ കാണാന്‍ വന്നത് ഉമാ സ്റ്റുഡിയോയില്‍ എടുക്കുന്ന ആദ്യ സിനിമയില്‍ ജയനും പങ്കാളിയാകണം എന്ന ആഗ്രഹത്താലാണത്. കഥയില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെ ഞാന്‍ ജയനുവേണ്ടി സൃഷ്ടിക്കുകയായിരുന്നു. വെറും നാലോ അഞ്ചോ സീനില്‍ മാത്രമൊതുങ്ങുന്ന വേഷം, കോളേജിലെ എന്റെ സഹപാഠി. ആ വേഷം ജയന്‍ ശ്രദ്ധേയമാക്കി. ജയന്റെ കഥാപാത്രത്തിനുവേണ്ടി രണ്ടു സംഘട്ടന രംഗങ്ങളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തി. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ തറഞ്ഞിറങ്ങുംവിധം തന്റെ കഥാപാത്രത്തെ തന്റേതു മാത്രമായ ശൈലിയില്‍ മനോഹരമാക്കാന്‍ ജയന് കഴിഞ്ഞു.

ജയന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്റ്, സുധീര്‍, മോഹന്‍, രവികുമാര്‍, കമല്‍ഹാസന്‍ പിന്നെ ഞാന്‍. അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയന്റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. അത് ജയന്റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയന്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാല്‍പ്പോലും അതിന് അതിന്റേതായ ഒരു മിഴിവ് നല്‍കാന്‍ ജയന്‍ എപ്പോഴും ശ്രദ്ധിച്ചു.

കൃത്യനിഷ്ഠ, വിനയം, ആത്മാര്‍ത്ഥത ഇതെല്ലാം ജയന്റെ സ്വഭാവഗുണങ്ങളായിരുന്നു. ഈ മനോഹര തീരം, ഇതാ ഒരു മനുഷ്യന്‍, ഒരു രാഗം പല താളം, വേനലില്‍ ഒരു മഴ, ദീപം, മീന്‍ തുടങ്ങി കുറേ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.

പരിചയപ്പെട്ടകാലം മുതല്‍ ജയനില്‍ എനിക്കു തോന്നിയ മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യപരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്തു ദൃഢപ്പെടുത്തിയ ആ ശരീരം ജയന്‍ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്‍. ഇതിനര്‍ഥം ജയന്‍ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്തതുകൊണ്ട് ഇക്കാര്യം എനിക്ക് നന്നായിട്ടറിയാം.

കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ടുതന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയും സൂപ്പര്‍സ്റ്റാറുമായി. സത്യനും നസീറും കഴിഞ്ഞാല്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്‍ഡിവിജ്വലായി ഒരു 'കോളിളക്ക'മുണ്ടാക്കി കടന്നുപോയത് ജയനാണ്. ആ ഒരു സ്‌റ്റൈല്‍ മറ്റാര്‍ക്കുമില്ലായിരുന്നു. നസീറും സോമനും സുകുമാരനുമൊക്കെ ആക്ഷന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ മുദ്ര അക്ഷരാര്‍ത്ഥത്തില്‍ പതിഞ്ഞിരുന്നത് ജയനാണ്. ജയന് അഭിനയിക്കാന്‍ അറിയില്ലെന്നല്ല ഇതിനര്‍ത്ഥം. പക്ഷെ, ജയന്റെ ശരീരശാസ്ത്രവും ആക്ഷന്‍ രംഗങ്ങളുമാണ് പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ചത്.

ജയന്റെ അവസാന ചിത്രമായ 'കോളിളക്ക'ത്തില്‍ ജയന്റെ അച്ഛനായാണ് ഞാന്‍ അഭിനയിച്ചത്. ഹെലികോപ്റ്ററില്‍വെച്ചുള്ള  ഫൈറ്റ് സീനില്‍ ജയന്‍ അഭിനയിക്കുമ്പോള്‍ എയര്‍ സ്ട്രിപ്പിന്റെ ഗ്യാരേജിലിരുന്ന് ഞാനും നമ്പ്യാര്‍സാറും (എം.എന്‍. നമ്പ്യാര്‍) മേക്കപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വലിയ ഒച്ചയും ആളുകളുടെ നിലവിളിയും കേട്ടത്. ഞങ്ങള്‍ ചെന്നു നോക്കുമ്പോഴേക്കും ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓപ്പറേഷന്‍ കഴിഞ്ഞ് കുറച്ചു സമയമേ ജയന്റെ ശരീരത്തില്‍ ജീവന്‍ തുടിച്ചുനിന്നൂള്ളൂ. ആ വേര്‍പാടിന്റെ വേദന ഇന്നും എന്റെ ഉള്ളുലയ്ക്കുന്നു.
 
നാല്‍പ്പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന്‍ മരണപ്പെടുന്നത്. ജീവിച്ചിരുന്നെങ്കില്‍ ബോളിവുഡിലേക്കുവരെ കയറിപ്പോകാനുള്ള സാധ്യത ജയനുണ്ടായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ജയന്‍. സിനിമയ്ക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പ്പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. ഇന്നും പകരം വെക്കാനില്ലാത്ത ഒരേയൊരു ജയന്‍! വളരെ ചെറുപ്പത്തില്‍തന്നെ പോയതുകൊണ്ട് ജയനിന്നും ചെറുപ്പമാണ് എല്ലാവരുടേയും മനസ്സില്‍.

തയ്യാറാക്കിയത്: ഭാനുപ്രകാശ്

Content Highlights : Jayan birthday Madhu Malayalam Movie Kolilakkam Action Hero Asthamayam