തിരുവനന്തപുരം: നടന്‍ ജയന്റെ സ്മരണയ്ക്കായി കൊല്ലം ജയന്‍ ഫൗണ്ടേഷനും തൃശൂര്‍ ജയന്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് പത്രപ്രവര്‍ത്തകനും കേരള സംഗീതനാടക അക്കാദമി എഡിറ്ററുമായ ഭാനുപ്രകാശിന് മന്ത്രി കെ.കെ. ശൈലജ സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് നടന്‍ മധു ഉദ്ഘാടനം ചെയ്തു.

സാഹസികത നിറഞ്ഞ അഭിനയശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനായിരുന്നു ജയനെന്ന് മന്ത്രി പറഞ്ഞു. സിനിമയ്ക്കുവേണ്ടി ജീവന്‍ ബലികൊടുക്കേണ്ടിവന്ന ജയനെക്കുറിച്ചുള്ള അനാവശ്യമായുള്ള അനുകരണങ്ങള്‍ അതിക്രമിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വന്തം തൊഴിലിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിച്ച ജയനെ അനുകരിച്ച് വികൃതമാക്കുകയാണെന്നും ഇക്കാര്യത്തില്‍ പുനര്‍ചിന്തനം ഉണ്ടാകണമെന്ന് മധു അഭിപ്രായപ്പെട്ടു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച 'അഭ്രകാമനകളുടെ ആദ്യപുരുഷന്‍' എന്ന ലേഖനം ഉള്‍പ്പെടെ 37-ഓളം ജയന്‍ പഠനങ്ങളെ മുന്‍നിര്‍ത്തിയാണ് ഭാനുപ്രകാശിന് അവാര്‍ഡ്. നടന്‍ ജോസ് ഭാനുപ്രകാശിനെ പൊന്നാട അണിയിച്ചു. മജീഷ്യന്‍ മുതുകാട് പ്രശസ്തിപത്രം നല്‍കി. ജയന്‍ സിനിമയിലഭിനയിക്കുമ്പോള്‍ പതിവായി ഉപയോഗിച്ചിരുന്ന വാച്ച് ജയന്റെ സഹോദരപുത്രന്‍ കണ്ണന്‍ നായര്‍ ചടങ്ങില്‍വച്ച് ഭാനുപ്രകാശിന് സമ്മാനിച്ചു. പ്രൊഫ. അലിയാര്‍, മായ വിശ്വനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

ജയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ചന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. ഫൗണ്ടേഷന്‍ രക്ഷാധികാരി നിരണം രാജന്‍ സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ പാലക്കാട് നന്ദിയും പറഞ്ഞു.