പെരുങ്ങുഴി മുട്ടപ്പലം ജയൻ ഭവനിൽ രാജുവും അദ്ദേഹത്തിന്റെ അമ്മയും ഒരിക്കൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് സാക്ഷാൽ സിനിമാനടൻ ജയന്റെ കാരുണ്യത്താലാണ്. അന്നു മുതൽ ജയനെ രാജുവും കുടുംബവും ഹൃദയത്തിലേറ്റിയതാണ്. ആ ആരാധന ഇപ്പോഴും തുടരുന്നു. 

 സിനിമയെ വെല്ലുന്ന കഥയാണ് ആ സ്നേഹത്തിന് പിന്നിൽ. പെരുമാതുറയ്ക്ക് സമീപം ജയൻ അഭിനയിച്ച ‘കന്യക’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. 1978-ലായിരുന്നു അത്. രാജുവിന്റെ അമ്മ ജാനുവും കുഞ്ഞമ്മ ലക്ഷ്മിയും അഴൂർ കടവിൽ നിന്ന വള്ളത്തിൽ മാടൻവിള ഭാഗത്തേക്കു പോവുകയായിരുന്നു. മാടൻവിള ഭാഗത്ത് കയർപിരിക്കുന്നതിന് വേണ്ടിയായിരുന്നു യാത്ര. രാജുവും വള്ളത്തിൽ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. ഈ സമയം അവിടെ ജയൻ സൈക്കിളിൽ വന്ന് സംഘട്ടനം നടത്തുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഇവർ സഞ്ചരിച്ച വള്ളത്തിൽ വെള്ളം കയറി വള്ളം മുങ്ങി.

 യാത്രക്കാരെല്ലാം അപകടത്തിൽപ്പെട്ടു. അപകടം കണ്ട് ജയന്റെ നേതൃത്വത്തിലുള്ള സംഘം ഷൂട്ടിങ് നിർത്തി നീന്തിയെത്തി രക്ഷാപ്രവർത്തനം നടത്തി എല്ലാവരെയും രക്ഷപ്പെടുത്തി. ജാനുവും ലക്ഷ്മിയും രാജുവും അടക്കമുള്ളവർ കരയിലെത്തി. നായകന്റെ വെള്ളിത്തിരയിലെ ഉശിരൻ പ്രകടനത്തിനപ്പുറം സാധാരണക്കാരനെപ്പോലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ  ജയനെ രാജുവും കുടുംബവും നെഞ്ചേറ്റി. ജയൻ മരിച്ചപ്പോൾ ഇവർ മൃതദേഹം കാണാനും ആദരാഞ്ജലി അർപ്പിക്കാനും പോയി.

jayan
മുട്ടപ്പലം ആൽത്തറമൂട്ടിൽ ജയന്റെ ചിത്രത്തിനു മുന്നിൽ ദീപം തെളിക്കുന്ന രാജു

പിറ്റേ വർഷം മുതൽ ജയന്റെ എല്ലാ ഓർമദിനത്തിലും രാജു കൊല്ലത്തെ ജയന്റെ ശവകുടീരത്തിലെത്തി സ്മരണാഞ്ജലി അർപ്പിക്കും. വ്യാഴാഴ്ചയും പോയി. താഴേ മുട്ടപ്പലത്ത് ആൽത്തറമൂട്ടിൽ ജയന് വേണ്ടി ചെറിയ പാർക്കുണ്ടാക്കിയിട്ടുണ്ട്. ഇവിടെ നാട്ടുകാരും രാജുവും എല്ലാ വർഷവും ജയന് വേണ്ടി തിരിതെളിക്കുന്നു.

Content Highlights : Jayan, Jayan Death, Jayan Hero, Rescue, Remembering Jayan