ഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയെ കാണുമ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഓര്‍മ വരുന്നുവെന്ന് നടിയും സമാജ്​വാദി പാർട്ടിയുടെ മുൻ എം.പിയുമായ ജയപ്രദ. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയപ്രദ അസംഖാനെതിരെ സംസാരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ തന്നെ അസം ഖാന്‍ അത്രമാത്രം ഉപദ്രവിച്ചുവെന്ന് ജയപ്രദ പറയുന്നു. 2009 ലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് അസംഖാൻ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് ജയപ്രദ പരാതി നൽകിയിരുന്നു.

ഞാന്‍ പദ്മാവത് കണ്ടപ്പോള്‍ ഖില്‍ജിയുടെ കഥാപാത്രം അസം ഖാനെയാണ് ഓര്‍മിപ്പിച്ചത്- ഉത്തര്‍പ്രദേശിലെ രാംപൂരിൽ നിന്ന് എസ്.പി. ടിക്കറ്റിൽ വിജയിച്ച ജയപ്രദ പറഞ്ഞു.

ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ ചിത്രമാണ് പദ്മാവത്. റാണി പദ്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രജപുത്ര കര്‍ണി സേന ചിത്രത്തിനെതിരേ കടുത്ത പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ചിത്രം പുറത്തിയങ്ങിയപ്പോള്‍ എതിര്‍പ്പുകള്‍ സാവധാനം കെട്ടടങ്ങി. സത്യത്തില്‍ ചിത്രത്തിൽ പദ്മാവതിയെയും രജപുത്രരെയും മഹത്വവല്‍ക്കരിക്കുകയും ഖില്‍ജിയെ ക്രൂരനായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. ഈ ഖിൽജിയുമായാണ് ജയപ്രദ രാംപുരിലെ മുൻ എം.പി കൂടിയായ അസംഖാനെ ഉപമിച്ചത്.

നടനും തെലുങ്കുദേശം സ്ഥാപകനുമായ എന്‍.ടി. രാമറാവുവിന്റെ ക്ഷണപ്രകാരമാണ് ജയപ്രദ രാഷ്ട്രീയത്തിലിറങ്ങുന്നത്. എൻ.ടി.ആറിന്റെ മരണശേഷം തലുങ്കുദേശം പിളര്‍ന്നപ്പോൾ ജയപ്രദ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു. 1996-ല്‍ ജയപ്രദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് തെലുങ്കുദേശം വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം 30,931 ആയി കുറഞ്ഞു. ഇതിനു പ്രധാന കാരണം അസം ഖാന്റെ വ്യാജപ്രചരണങ്ങളാണെന്നായിരുന്നു ജയപ്രദയുടെ ആരോപണം.

2010 ഫെബ്രുവരി 2-ന് പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് വഴി പാര്‍ട്ടി പ്രതിഛായക്ക് കോട്ടം വരുത്തി എന്നരോപിച്ച് പാര്‍ട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമര്‍ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

Content Highlights: Jaya Prada Says Alauddin Khilji’s Character in Padmaavat Reminded Her of SP Leader Azam Khan