വിവാദങ്ങളില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കുന്നവരാണ് ബച്ചന്‍ കുടുംബത്തിലുള്ളവര്‍. പ്രത്യേകിച്ച് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. എന്നാല്‍ ജയ ബച്ചന്‍ അതില്‍ നിന്ന് അല്‍പം വ്യത്യസ്തയാണ്. പ്രതികരിക്കേണ്ട സമയങ്ങളില്‍ ജയ മിണ്ടാതിരുന്നിട്ടില്ല. അത് വ്യക്തിപരമായ കാര്യങ്ങളായാലും രാഷ്ട്രീയമായാലും. 

2008 ല്‍ ജയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ ജയ, മരുകകള്‍ ഐശ്വര്യയും ഷാരൂഖും സംബന്ധിച്ചുള്ള ഒരു വിവാദത്തെക്കുറിച്ചും പ്രതികരിച്ചു.

ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തില്‍ എത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാല്‍ പിന്നീട് സല്‍മാന്‍ ഖാന്‍ സെറ്റില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ സിനിമയില്‍ നിന്ന് ഐശ്വര്യയെ മാറ്റി റാണി മുഖര്‍ജിയെ കാസ്റ്റ് ചെയ്തു. അത് അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു. 2008 ല്‍ കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഷാരൂഖും സല്‍മാനും തമ്മില്‍ കൊമ്പുകോര്‍ക്കുകയും വഴക്കിനിടയില്‍ ഐശ്വര്യയെക്കുറിച്ച് ഷാരൂഖ് മോശമായി എന്തോ പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ സംഭവത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയക്ക് ഇത് സംബന്ധിച്ചൊരു ചോദ്യം നേരിടേണ്ടി വന്നു. അപ്പോഴായിരുന്നു ജയയുടെ രസകരമായ പ്രതികരണം. 

'ഷാരൂഖ് എന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ ഇതെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവസരം കിട്ടിയാല്‍ ഷാരൂഖിനോട് ഞാന്‍ സംസാരിക്കും. എന്റെ വീട്ടില്‍ വെച്ചാണെങ്കില്‍ തല്ലുകയും ചെയ്യും. കാരണം ഞാനും ഷാരൂഖും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്'- ജയ പറഞ്ഞു.

Content Highlights: Jaya Bachchan said she would've slapped Shah Rukh Khan for talking against Aishwarya rai salman