ഷാരൂഖ് ഖാൻ, വിജയ് സേതുപതി | ഫോട്ടോ: പി.ടി.ഐ, സിദ്ദീഖുൽ അക്ബർ | മാതൃഭൂമി
തമിഴും മലയാളവും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് നടൻ വിജയ് സേതുപതിയുടെ വിജയഗാഥ. അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം വളരെ പ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയുമുണ്ട്. ഷാരൂഖിനൊപ്പം ചിലവഴിച്ച ദിനങ്ങൾ ഓർത്തെടുത്തിരിക്കുകയാണ് താരം. ബോളിവുഡ് സൂപ്പർതാരത്തേക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് സേതുപതിക്ക്.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം നല്ല പരിഭ്രാന്തിയുണ്ടായിരുന്നെന്നും ഷാരൂഖ് ഖാനാണ് തനിക്ക് ധൈര്യം തന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു. ഒരുമിച്ച് സീൻ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ഷാരൂഖ് തന്നെ പ്രോത്സാഹിപ്പിച്ചെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.
"അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു അത്. ആദ്യ ദിവസം ഞാനൽപ്പം പരിഭ്രാന്തനായിരുന്നു, കാരണം അദ്ദേഹം വളരെ വലിയ കലാകാരനാണ്. പക്ഷേ അദ്ദേഹം എന്നെ കംഫർട്ടാക്കി. അന്ന് അദ്ദേഹത്തിന് സീൻ ഉണ്ടായിരുന്നില്ല, പക്ഷേ എനിക്കുവേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു മാന്യനാണ്. താൻ ഒരുപാട് വർഷമായി സിനിമയിലുള്ളയാളാണെന്നോ സൂപ്പർ താരമാണെന്നോ ഒന്നും ഷാരൂഖ് ഭാവിച്ചില്ല. ഞാൻ ശരിക്കും ഷാരൂഖ് സാറിനൊത്ത് ഒരുപാടു സമയം ചിലവഴിച്ചു." വിജയ് സേതുപതി പറഞ്ഞു.
രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ഫർസിയിലൂടെ വെബ് സീരീസ് രംഗത്തേക്കും ഈയിടെ വിജയ് സേതുപതി കാലെടുത്തുവച്ചിരുന്നു. ഷാഹിദ് കപൂർ, റാഷി ഖന്ന, കെ.കെ. മേനോൻ, അമോൽ പലേക്കർ, ഭുവൻ അറോറ എന്നിവരാണ് സീരീസിലെ മറ്റഭിനേതാക്കൾ. ഫെബ്രുവരി പത്തുമുതൽ ആമസോൺ പ്രൈമിലൂടെയാണ് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ഹിന്ദി, തമിഴ് ഭാഷകളിൽ ഒരേസമയം റിലീസാവുന്ന ചിത്രത്തിൽ കത്രീന കൈഫാണ് നായിക.
Content Highlights: jawan movie, vijay sethupathi about shah rukh khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..