പ്രിയ വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ശ്രീദേവി ബംഗ്ലാവ് കൂടുതല്‍ ചര്‍ച്ചയാവുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളാണ് ഇതിന് പ്രധാന കാരണമായത്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത് മുതലാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
ശ്രീദേവി ബംഗ്ലാവിനെക്കുറിച്ച് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന്റെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിക്കുന്നത്. ഒരു പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജാന്‍വിയോട് ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആരാഞ്ഞു. എന്നാല്‍ ചോദ്യം മനസ്സിലാകാതിരുന്ന ജാന്‍വി അല്‍പ്പനേരം പകച്ചു നിന്നു. ഇതിനിടെ ജാന്‍വിയുടെ മാനേജര്‍ വല്ലാതെ ബഹളം വച്ചു. ജാന്‍വിയോട് വേദി വിട്ട് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിക്കാനാകാതെ ജാന്‍വി അവിടെ നിന്നും പുറത്ത് പോയി.
ചിത്രം പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം. ഈ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതെല്ലാം വിശദീകരിച്ച് ബോണി കപൂറിന് മറുപടി അയച്ചുവെന്നും അദ്ദേഹം പ്രതികരിച്ചില്ല എന്നും പ്രശാന്ത് മാമ്പുള്ളി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..