അമ്മയുടെ വിയോഗം നല്കിയ ദുഃഖം പേറി സിനിമയുടെ സെറ്റിലേക്ക് ജാന്‍വി കപൂര്‍ തിരിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തന്റെ ആദ്യചിത്രമായ ധടക്ക് പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ശ്രീദേവിയുടെ പ്രിയപുത്രിയിപ്പോള്. കാരണം മറ്റൊന്നുമല്ല ഇന്ത്യന്‍ സിനിമയെ ഒരു കാലത്ത് അടക്കിവാണ താരസുന്ദരിക്ക് തന്റെ മകളുടെ സിനിമാ അരങ്ങേറ്റം സ്വപ്നമായിരുന്നു. അത് നടക്കാതെയാണ് ശ്രീദേവി ലോകത്തോട് വിടപറഞ്ഞത്.
അമ്മയുടെ നിഴല്‍ പറ്റിയാണ് ജാന്‍വിയും അനുജത്തി ഖുശിയും ഇത്രയും കാലം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മയുടെ കരുതലും നിര്‍ദ്ദേശങ്ങളും എന്നും കൂട്ടായിരുന്നു. അല്‍പ്പം കാര്‍ക്കശ്യം വച്ച് പുലര്‍ത്തുന്ന അമ്മയായിരുന്നു ശ്രീദേവി എന്ന് പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടു തന്നെയാണ് ഒരു ചടങ്ങിനിടെ ജാന്‍വി അപേക്ഷിച്ചിട്ടും ക്യാമറകള്‍ക്ക് മുന്പില് ഒറ്റയ്ക്ക് നില്ക്കാന് അനുവദിക്കാതിരുന്നത്.
അമ്മയുടെ കരുതല്‍ ഇനിയില്ല എന്നറിഞ്ഞിട്ടും വളരെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ജാന്‍വി ധടകിന്റെ ചിത്രീകരണത്തിനെത്തിയത് എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അമ്മ വിട്ടുപോയതിന്റെ ദുഃഖം ഉള്ളിലുണ്ടെങ്കിലും അത് അടക്കിപ്പിടിച്ചാണ് അഭിനയിച്ചത്. ജാന്‍വിയുടെ ധൈര്യമാണ് ഞങ്ങള്‍ അവിടെ കണ്ടത്. അല്‍പ്പം കൂടി പക്വത വന്നപോലെ- ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ശ്രീദേവിയുടെ ചിതാഭസ്മം ഹരിദ്വാറിലും രാമേശ്വരത്തും നിമജ്ജനം ചെയ്ത ചടങ്ങുകള്‍ തീര്‍ന്നതിന് ശേഷമാണ് ജാന്‍വി സെറ്റിലേക്ക് തിരിച്ചെത്തിയത്. മറാത്തിയില്‍ ഏറെ ശ്രദ്ധ നേടിയ സൈറാത്തിന്റെ ഹിന്ദി പതിപ്പാണ് 'ധടക്'. ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് ഖട്ടക്ക് ആണ് ചിത്രത്തില്‍ ജാന്‍വിക്കൊപ്പം അഭിനയിക്കുന്നത്.
ഫെബ്രുവരി 24 ന് ദുബായില്‍വച്ചാണ് ശ്രീദേവി മരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും രണ്ടാമത്തെ മകള്‍ ഖുശിയും ഒപ്പമുണ്ടായിരുന്നു. 'ധടകി'ന്റെ ചിത്രീകരണ തിരക്കിലായത് കൊണ്ട് ജാന്‍വി ദുബായിലേക്ക് പോയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..