ലോസ് ആഞ്ജലീസ്; ഫ്രണ്ട്‌സ് എന്ന ജനപ്രിയ സീരീസിലൂടെ ശ്രദ്ധനേടിയ നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ (59) അന്തരിച്ചു. 2018 മുതല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

1994 ല്‍ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്‌സിലൂടെ തന്നെയായിരുന്നു ടെയ്‌ലര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗന്‍തെര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2021 ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ്: ദ റീയൂണിയനിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 

1962 ല്‍ ഗ്രീന്‍വുഡിലാണ് ടെയ്‌ലറിന്റെ ജനനം. ബാല്യകാലത്തു തന്നെ മാതാപിതാക്കളെ നഷ്ടമായ ടെയ്‌ലറെ സഹോദരിയാണ് വളര്‍ത്തിയത്. കോളേജ് കാലത്താണ് അഭിനയത്തോട് ടെയ്‌ലറിന് താല്‍പര്യം തോന്നുന്നത്. പഠനത്തോടൊപ്പം തിയേറ്റര്‍ ഗ്രൂപ്പുകളിലും സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയയില്‍ നിന്ന് ഫൈന്‍ ആര്‍ട്ട്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സിനിമാരംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ടെയ്‌ലര്‍ ലോസ് ആഞ്ജലീസിലേക്ക് താമസം മാറി. 1988 ല്‍ പുറത്തിറങ്ങിയ ഫാറ്റ്മാന്‍ ആന്റ് ലിറ്റില്‍ ബോയ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. വിനോദമേഖലയിലെ മറ്റു ജോലികളേക്കാള്‍ അഭിനയത്തോട് കൂടുതല്‍ താല്‍പര്യമുണ്ടായിരുന്ന ടെയ്‌ലര്‍ അതിനിടെ ധാരാളം സിനിമകളുടെയും സീരീസുകളുടെയും ഓഡീഷനുകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഫ്രണ്ട്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പത്ത് വര്‍ഷത്തോളം ഫ്രണ്ട്‌സിന്റെ 236 എപ്പിസോഡുകളില്‍ അഭിനയിച്ചു.

ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്‌ക്രബ്‌സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദ ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. 

ബാര്‍ബറാ ചാഡ്‌സെയായിരുന്നു ടെയ്‌ലറിന്റെ ആദ്യഭാര്യ. 1995 ല്‍ വിവാഹിതരായ ഇവര്‍ 2014 ല്‍ വിവാഹമോചിതരായി. 2017 ല്‍ ടെയ്‌ലര്‍, ജെന്നിഫര്‍ കാര്‍നോയെ വിവാഹം ചെയ്തു. 

Content Highlights: James Michael Tyler, Who Played Gunther On Friends passed away due to prostate cancer