അവതാർ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ കഴിഞ്ഞവർഷം പുറത്തുവിട്ട ചിത്രം | ഫോട്ടോ: twitter.com/officialavatar
ഒരു സിനിമയുടെ തുടർച്ചയ്ക്ക് ഒരു ചലച്ചിത്ര പ്രേമിയും ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാവില്ല. ചലച്ചിത്രപ്രേമികളുടെയെല്ലാം കാത്തിരിപ്പിന് വിരാമമിട്ട് ആ വാർത്ത വന്നിരിക്കുന്നു. വെള്ളിത്തിരയിലെ വിസ്മയചിത്രം അവതാർ 2-ന്റെ റിലീസ് ഡേറ്റ് പുറത്ത്. ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.
അവതാർ- ദ വേ ഓഫ് വാട്ടർ എന്നാണ് ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അവർ പുറത്തുവിട്ടു. ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് തീയതി പ്രഖ്യാപനം നടന്നത്.
കേറ്റ് വിൻസ്ലെറ്റ്, സിഗൂണി വീവർ, എഡീ ഫാൽക്കോ, മിഷേൽ യോ, ഊനാ ചാപ്ലിൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമയുടെ ഔദ്യോഗിക ട്രെയിലർ മാർവൽ ചിത്രമായ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.
പാൻഡോറയിൽ നിന്ന് സ്വന്തമാക്കിയ കുടുംബത്തോടൊപ്പം സമാധാനമായി ജീവിതം നയിച്ചുവന്ന ജേക്ക് സുള്ളിക്ക് നേരിടേണ്ടിവരുന്ന പുതിയ വെല്ലുവിളികളാണ് അവതാർ 2 പറയുന്നത്. വെള്ളത്തിനടിയിലെ കാഴ്ചകളായിരിക്കും രണ്ടാം ഭാഗത്തിലെ പ്രത്യേകതയെന്നാണ് റിപ്പോർട്ട്. 2021 സെപ്റ്റംബറിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട കൺസെപ്റ്റ് ചിത്രങ്ങൾ ഇത് സാധൂകരിക്കുന്നതാണ്.
ജോൺ ലാൻഡൗ ആണ് ത്രീഡിയിൽ പുറത്തുവരുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമാണം.
Content Highlights: James Cameron, Avatar: The Way of Water, Avatar 2 Release Date
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..