ബഹദൂർ ഭാര്യ ജമീല, ബഹദൂർ കുടുംബാംഗങ്ങൾക്കൊപ്പം
ബഹദൂറിന്റെ കാരുണ്യമനസ്സിനൊപ്പം സഞ്ചരിച്ച വിളക്കായിരുന്നു ഭാര്യ ജമീല. ബഹദൂറിന്റെ കുടുംബത്തെ പരിചയപ്പെട്ടവർക്കൊക്കെ ജമീല അമ്മയും സഹോദരിയുമായി. അക്കാലത്തെ സിനിമക്കാർ ഇരുവരെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും പരിഗണിച്ചു. ഹാസ്യതാരമായും സ്വഭാവനടനായും ഉന്നതിയിലെത്തിയപ്പോഴും മനസ്സിൽ നന്മസൂക്ഷിച്ച വ്യക്തിയായിരുന്നു ബഹദൂർ. സഹായം തേടിയെത്തുന്നവരെ അദ്ദേഹം വെറുംകൈയോടെ മടക്കി അയച്ചിരുന്നില്ല. വിശന്നുവരുന്നവരെ ഒട്ടിയ വയറുമായി തിരിച്ചയച്ചില്ല. ആ നന്മയോടൊപ്പം ജമീലയും സഞ്ചരിച്ചു.
അക്കാലത്ത് സിനിമക്കാരുടെ കേന്ദ്രമായിരുന്നു നുങ്കംപാക്കം പുഷ്പ നഗറിലെ ബഹദൂറിന്റെ വീട്. അവസരം തേടിയെത്തുന്നവർമുതൽ പ്രമുഖർവരെ കാണും. പക്ഷേ, അവിടെയെത്തിയ ആരുടെയും വലുപ്പച്ചെറുപ്പം ബഹദൂറും ജമീലയും അളന്നിരുന്നില്ലെന്ന് നടിയും കുടുംബസുഹൃത്തുമായ ടി.ആർ. ഓമന ഓർക്കുന്നു. ‘‘ബഹദൂർ മരിച്ചതിനുശേഷവും കുടുംബവുമായി അടുത്തബന്ധം പുലർത്തി. ജമീലയെ ഇടയ്ക്കിടെ കാണുകയും ഫോണിൽ സംസാരിക്കുകയും പതിവായിരുന്നു. അസുഖമായതിനുശേഷം അവർ കുറച്ചുകാലം അമേരിക്കയിലായിരുന്നു. മകൾ റുഖിയയെ വിളിച്ച് എന്നും വിവരം തിരക്കും. മരണവിവരം അറിയിച്ചതും റുഖിയതന്നെയാണ്. അവർ താമസിക്കുന്ന സ്ഥലത്തേക്ക് ദൂരമുള്ളതിനാലും കോവിഡ് വ്യാപനഭയവുംമൂലം അവസാനമായി നേരിൽക്കാണാനായില്ല. റുഖിയ വീഡിയോകോളിൽ ജമീലയുടെ മുഖം അവസാനമായി കാട്ടിത്തന്നു’’ - ടി.ആർ. ഓമന പറഞ്ഞു.
ഉമ്മയെക്കുറിച്ച് സംസാരിച്ചപ്പോൾ മകൻ മുഹമ്മദും വിതുമ്പി. ‘‘എന്നും ബാപ്പയുടെ കരുത്തായിരുന്നു ഉമ്മ. അവർ ചെയ്ത നന്മകൾക്ക് കണക്കില്ല. എത്രയോപേരെ അവർ സഹായിച്ചു. സിനിമയിൽ എന്തെങ്കിലുമാകാൻ കൊതിച്ചെത്തിയവരെ ബാപ്പ കൈപിടിച്ചുയർത്തിയപ്പോൾ ഉമ്മ അവർക്ക് ആഹാരം നൽകി വിശപ്പകറ്റി’’. - മുഹമ്മദ് ഓർക്കുന്നു. സംവിധായകരായ കമലും സുന്ദർദാസുമൊക്കെ അക്കാലത്ത് വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.
അഭിനയത്തിലൂടെ ധാരാളം സമ്പാദിച്ചുവെങ്കിലും സ്വന്തമായി സിനിമ നിർമിച്ചതോടെ കടക്കെണിയിലായ കഥയും ബഹദൂറിന്റെ ജിവിതത്തിലുണ്ട്. അക്കാലത്ത് അദ്ദേഹം മാനസികമായി ഏറെ തളർന്നപ്പോൾ ധൈര്യം നൽകി കുടുംബകാര്യങ്ങൾ നോക്കിനടത്തിയതു ജമീലയായിരുന്നു. ബഹദൂറിന്റെ മരണശേഷവും ജമീല മക്കളെ പ്രയാസങ്ങൾ അറിയിക്കാതെ വളർത്തി. മികച്ച വിദ്യാഭ്യാസം നൽകി. മൂത്ത മകൻ സിദ്ദീഖ് ചെന്നൈയിലെ ന്യൂകോളേജിലാണ് പഠിച്ചത്. മുഹമ്മദ് ബെംഗളൂരു അംബേദ്കർ കോളേജിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കി. മകൾ റുഖിയ ചെന്നൈ എത്തിരാജ് കോളേജിൽനിന്ന് എം.എ.യും പിന്നീട് ബി.എഡും പൂർത്തിയാക്കി. മൂന്നുപേരും ഇപ്പോൾ നല്ലനിലയിൽ ജിവിക്കുന്നു.
എട്ടുവർഷംമുമ്പാണ് ജമീലയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. ഏതാനും വർഷം മുഹമ്മദിന്റെകൂടെ അമേരിക്കയിലായിരുന്നു. മടങ്ങിയെത്തിയശേഷം രണ്ടുവർഷം മുമ്പാണ് റുഖിയയ്ക്കൊപ്പം പെരുമ്പാക്കത്തെ വീട്ടിലേക്കു മാറിയത്.
Content Highlights: Jameela Bahadoor wife of actor Bahadhoor passed away, Bahadoor Family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..