ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചെന്നൈ ടി ന​ഗറിലുള്ള താരത്തിന്റെ വസതിയ്ക്കാണ് പോലീസ് സംരംക്ഷണം ഉറപ്പ് വരുത്തിയിരിക്കുന്നത്. 

ചിത്രത്തിൽ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാർ സംഘം ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ടിജെ ‍ജ്ഞാനവേലിനും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. 

വണ്ണിയാർ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീൽനോട്ടീസയച്ചത്. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിർമാതാക്കൾ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനകം അഞ്ചുകോടി രൂപ കൈമാറണമെന്നാണ് ആവശ്യം.

ചിത്രത്തിന്റെ പ്രമേയം യഥാർഥ ജീവിതസംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. കഥാപാത്രങ്ങളുടെ പേരുകൾപോലും യഥാർഥമാണ്. എന്നാൽ, രാജാകണ്ണിനെ പീഡിപ്പിക്കുന്ന പോലീസുകാരന്റെ കഥാപാത്രത്തെ മനഃപൂർവം വണ്ണിയാർ ജാതിയിൽപ്പെട്ടയാളാക്കി അവതരിപ്പിച്ചു. യഥാർഥ സംഭവത്തിൽ പോലീസുകാരൻ ക്രിസ്ത്യാനിയായ ആന്റണിസാമി ആണ്. വണ്ണിയാർസംഘത്തിന്റെ ചിഹ്നമുള്ള കലണ്ടറും സിനിമയിൽ ബോധപൂർവം ഉപയോഗിച്ചു. ഇത് സമുദായത്തെ അപകീർത്തിപ്പെടുത്താനും സത്‌പേരിനു കോട്ടംവരുത്താനുമുള്ള ദുരുദ്ദേശ്യത്തോടെയാണെന്നും നോട്ടീസിൽ പറയുന്നു.

സൂര്യയുടെ ഭാര്യകൂടിയായ നടി ജ്യോതിക, സൂര്യയുടെയും ജ്യോതികയുടെയും നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്‌ൻമെന്റ്, ആമസോൺ പ്രൈം പ്രതിനിധി എന്നിവർക്കും നോട്ടീസയച്ചിട്ടുണ്ട്. ജയ് ഭീം സിനിമയിലൂടെ ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് കഴിഞ്ഞയാഴ്ച സൂര്യ വ്യക്തമാക്കിയിരുന്നു.

content highlights : Jai Bhim Controversy Suriyas Residence  gets police protection