സിബിഐ 5ന്റെ സെറ്റിൽ ജഗതി
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയ്നിൽ ജോയിൻ ചെയ്ത് ജഗതി ശ്രീകുമാർ. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഇത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.
നാല് ഭാഗങ്ങളിലും സേതുരാമ അയ്യരുടെ സന്തതസഹചാരികളിൽ ഒരാളായ വിക്രം എന്ന കഥാപാത്രമായെത്തിയത് ജഗതിയായിരുന്നു. സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. വാഹനാപകടത്തിന് പിന്നാലെ അഭിനയ രംഗത്തുനിന്നും വിട്ടു നിന്ന ജഗതിയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകർ.
"ജഗതി ശ്രീകുമാർ സിബിഐ ടീമിൽ ചേരുന്നു... എന്റെ വിക്രമിനെ സ്വാഗതം ചെയ്തതിൽ സന്തോഷം", സിബിഐ 5 സെറ്റിൽ നിന്ന് ജഗതി, മമ്മൂട്ടി, മുകേഷ്, എസ്.എൻ സ്വാമി എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ കെ.മധു കുറിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി.
പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശന വിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തം. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്.
ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
Content Highlights: Jagathy Sreekumar joins Mammootty movie CBI 5 the brain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..