ഗമേ തന്തിരത്തിലെ കഥാപാത്രത്തിന് വേണ്ടി ജോജുവിനെ കണ്ടെത്തിയതിനെക്കുറിച്ച് സംവിധായകന്‍  കാര്‍ത്തിക്ക് സുബ്ബരാജ്. ജോസഫിലെയും ചോലയിലെയും ജോജുവിന്റെ അഭിനയം തന്നെ ആകര്‍ഷിച്ചുവെന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു

'ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് ആളുകളെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. പിന്നീടാണ് ജോജുവിന്റെ ചോല എന്ന സിനിമ കാണുന്നത്. പിന്നീട് ജോസഫ് എന്ന ചിത്രവും കണ്ടു. ഈ രണ്ടു സിനിമകളിലെയും പ്രകടനം മികച്ചത് എന്ന് പറഞ്ഞാല്‍ പോരാ.. അത്രയും മികച്ചതായിരുന്നു. പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ജോജുവിലേക്ക് എത്തുന്നത്.

'അദ്ദേഹത്തിന്റെ ജീവിതം തന്നെ വലിയൊരു കഥയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുന്‍ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം. ചിത്രം റിലീസ് ചെയ്താല്‍ നിങ്ങളും അത്ഭുതപ്പെടും. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. സൂപ്പര്‍ കൂള്‍ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു'-കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ ധനുഷാണ് കേന്ദ്രകഥാപാത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തില്‍ ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുന്നുണ്ട്. സന്തോഷ് നാരായണന്‍ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിര്‍വഹിക്കുന്ന ജഗമേ തന്തിരം 190രാജ്യങ്ങളിലായി ജൂണ്‍ 18നു നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.

Content Highlights: Jagame Thandhiram, Karthik Subbaraj talks about Joju Jeorge