പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി പ്രമുഖ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. പ്രളയ ബാധിതര്‍ക്കായി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കെല്‍പുള്ള വീടു നിര്‍മ്മിക്കാന്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി നടപ്പാക്കുന്ന പദ്ധതിക്കായാണ് ജാക്വിലിന്‍ ആലുവയില്‍ കൈകോര്‍ത്തത്.
പ്രളയത്തില്‍ ഏറ്റവുമധികം നാശ നഷ്ടങ്ങളുണ്ടായ ആലുവയില്‍ ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരോടൊപ്പമാണ് അവര്‍ വീടു നിര്‍മ്മാണത്തില്‍ പങ്കാളിയായത്. ജാക്വിലിനോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ മലയാള നടി ശ്വേതാ മേനോനും നിര്‍മ്മാണ സംരംഭത്തില്‍ പങ്കാളിയായി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശ്രീദേവി - അനില്‍കുമാര്‍ ദമ്പതികള്‍ക്കു വീടു നിര്‍മ്മിക്കാനായി ഇന്നലെ ഇരുവരും സന്നദ്ധ പ്രവര്‍ത്തകരായെത്തിയത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിനും നാടിനാകെയും അഭിമാനമായി. അന്‍വര്‍ സാദത്ത് എം.എല്‍.എ, മുത്തൂറ്റ് ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ ബിജുമോന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ സാമുവല്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. ശ്രീദേവി - അനില്‍കുമാര്‍ ദമ്പതികളുടെ വീടു നിര്‍മ്മാണത്തിന് ഹാബിറ്റാറ്റിനെ സഹായിച്ചത് മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷനാണ്.
ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കാന്‍ കെല്‍പുള്ളവിധത്തില്‍ അടിത്തറയില്‍ സാധാരണ തൂണുകള്‍ക്കു പുറമേ പ്രത്യേകമായ അഞ്ച് തൂണുകളോടുകൂടിയതാണ് പ്രളയ ബാധിതര്‍ക്കായി ഹാബിറ്റാറ്റ് നിര്‍മ്മിക്കുന്ന വീടുകള്‍. പ്രളയജലം അകത്തു കടക്കാതിരിക്കാന്‍ തറ നിരപ്പില്‍ നിന്ന് മൂന്നു മീറ്റര്‍ ഉയര്‍ത്തിയാണ് വീടുകളുടെ നിര്‍മ്മിതി.
ആലുവായിലെത്താനും ശ്രീദേവിക്കും അനിലിനും വേണ്ടി നടക്കുന്ന വീടു നിര്‍മ്മാണത്തില്‍ പങ്കാളിയാവാനും പ്രളയ ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ഈ സംരംഭത്തെ സഹായിച്ച ഓരോരുത്തരോടും നന്ദി പറയുന്നുവെന്നും ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
' ജാക്വിലിന്‍ നിര്‍മ്മിക്കുന്നു' എന്ന പരിപാടിയിലൂടെ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയും ഞാനും ചേര്‍ന്ന് പ്രളയ ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്. ഈ ദൗത്യത്തെ പിന്തുണയ്ക്കണമെന്ന് സാധാരണക്കാരോടും കോര്‍പറേറ്റുകളോടും ഉദാരമതികളോടും ജാക്വിലിന്‍ അഭ്യര്‍ത്ഥിക്കുന്നു.
'' ഞങ്ങള്‍ക്കു തല ചായ്ക്കാനിടമുണ്ടാക്കുന്നതിന് ജാക്വിലിനും ഇതര സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ പ്രവര്‍ത്തനം നിറ കണ്ണുകണ്ണുകളോടെയല്ലാതെ കണ്ടു നില്‍ക്കാനായില്ല. പുതിയ വീട്ടില്‍ എത്രയും വേഗം താമസം തുടങ്ങാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ് '' കണ്ണില്‍ പുഞ്ചിരിയുടെ തിളക്കവുമായി ശ്രീദേവി പറഞ്ഞു.
'' കേരളം പ്രളയത്തെ അിജീവിച്ചുവെങ്കിലും അതുണ്ടാക്കിയ കെടുതികള്‍ ഇപ്പോഴും ദൃശ്യമാണ്. പുനര്‍ നിര്‍മ്മാണത്തിന് രാജ്യത്തിന്റെ ഒന്നടങ്കമുള്ള സഹകരണം ആവശ്യമുണ്ട്. '' ജാക്വിലിന്‍ നിര്‍മ്മിക്കുന്നു'' എന്ന പദ്ധതിയുമായി ബോളിവുഡിലെ തിരക്കുകള്‍ക്കിടയിലും മുന്നോട്ടുവന്ന നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് ഞങ്ങള്‍ക്ക് അതിയായ കൃതജ്ഞതയുണ്ട്. ഈ സംരംഭത്തിന് പിന്തുണയുമായെത്തിയ നടി ശ്വേതാ മേനോനോടും നന്ദി പറയുന്നു. കേരളത്തില്‍ ഇതിനകം ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 1,30,000 ത്തിലേറെ കുടുംബങ്ങള്‍ക്ക് തുണയായിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും സഹായമെത്തിക്കേണ്ടതുണ്ട് ''- ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ സാമുവല്‍ പറഞ്ഞു.
കേരള പുനര്‍ നിര്‍മ്മാണത്തിനൊരു കൈത്താങ്ങ് എന്ന നിലയിലാണ് സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ കേരളത്തില്‍ 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. പ്രളയ ബാധിതര്‍ക്കായി കൈകോര്‍ത്തുകൊണ്ട് കേരള പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കേണ്ടതിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആരാധകര്‍ക്കിടയിലും സിനിമാ മേഖലയിലും ജാക്വിലിന്‍ മുന്‍കൈയെടുത്തു നടത്തിയ പ്രചാരണ കാംപെയിന്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വന്‍ തോതില്‍ മുന്നോട്ടു നയിച്ചിട്ടുണ്ട്. ഫണ്ടിലേക്ക് സ്വന്തമായി സംഭാവന നല്‍കിയതിനു പുറമേ ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍, ഹൃത്വിക് റോഷന്‍, ജോണ്‍ എബ്രഹാം, റെമോ ഡിസൂസ തുടങ്ങി വലിയൊരു താര നിരയെ ഈ സംരംഭത്തില്‍ പങ്കാളികളാക്കാനും അവരുടെ സാമ്പത്തിക സഹായം ഉറപ്പു വരുത്താനും ജാക്വിലിനു കഴിഞ്ഞു.
Content Highlights: jacqueline fernandez to rebuild kerala keral flood 2018 swetha menon habitat for humanity house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..